അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്. ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം.ജഡ്ജി പിന്മാറിയ പശ്ചാത്തലത്തില്‍ ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍ നിന്ന് വന്നത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കായിരുന്നു. അന്ന് സെഷന്‍സ് കോടതിയിലെ ജഡ്ജി ജസ്റ്റിസ് കൗസര്‍ ആയിരുന്നു.കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് എന്നത് ചൂണ്ടിക്കാട്ടിയിരുന്നു ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം.

കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത ഇന്നലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി ഇന്നു ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റെ ബെഞ്ചില്‍ എത്തും. ഇതിനിടെ, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു നടി മറ്റൊരു അപേക്ഷയും നല്‍കി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകര്‍ത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹര്‍ജി.

കാര്‍ഡിലെ വിവരങ്ങള്‍ ദിലീപിന് ലഭിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ ആരംഭിച്ച തുടരന്വേഷണത്തില്‍ ഹാഷ് വാല്യൂവില്‍ മാറ്റം ഉള്ളതായ ഫൊറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് കണ്ടെടുക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഹാഷ് വാല്യൂവില്‍ മാറ്റം ഉണ്ടായതായ റിപ്പോര്‍ട്ട് വെളിപ്പെടുത്താത്ത വിചാരണക്കോടതി ജഡ്ജിയുടെ നടപടി ഗൗരവകരമായ വീഴ്ചയാണ്. എന്തുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത് എന്നതുസംബന്ധിച്ച് ഒരന്വേഷണവും ജഡ്ജി നടത്തിയില്ല. മെമ്മറി കാര്‍ഡ് തുടര്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ അപേക്ഷയിലും യാതൊരു നടപടിയും ജഡ്ജി സ്വീകരിച്ചില്ല.