എല്ലാവര്‍ക്കും ജീവിതത്തില്‍ പ്രിയപ്പെട്ട ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു കാലഘട്ടമാണ് സ്‌കൂള്‍ ജീവിതം. ജീവിതത്തില്‍ നമ്മെ മുന്നോട്ടുനയിക്കുന്ന അത്തരത്തിലുള്ള ഏതാനും നല്ല കുറേ ഓര്‍മ്മകളിലേക്ക് ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെയുള്ള തിരിഞ്ഞുനോട്ടമാണ് ജൂണ്‍ എന്ന ചിത്രം. ഏറെ പരിചിതമായ ഒരു പ്രമേയമായിട്ടുകൂടി വളരെ വ്യത്യസ്ഥമായ ഒരു കോണിലൂടെ ചിത്രത്തെ കൊണ്ടുപോകാന്‍ അഹമ്മദ് ഖബീര്‍ എന്ന നവാഗതനായ സംവിധായകനും സാധിച്ചു. മലയാളത്തിലെ സ്ത്രീപക്ഷ ചിത്രങ്ങളില്‍ ജൂണിനുള്ള പങ്ക് തിയ്യേറ്ററിലുള്ള സ്ത്രീ സാന്നിധ്യം കൊണ്ട് തന്നെയാണ് തെളിയിച്ചത്.
വിജയ് ബാബു എന്ന നിര്‍മ്മാതാവിന്റെ കൃത്യമായ പിന്തുണയോടെ ഒരുങ്ങിയ ജൂണ്‍ ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെ ജീവിതത്തെ നോക്കിക്കാണുന്നു. ഒരു ഫഌഷ് ബാക്ക് രംഗത്തിലൂടെ ആരംഭിക്കുന്ന ചിത്രം പിന്നീട് ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ ഹൈസ്‌കൂള്‍ ജീവിതത്തിലേക്ക് മടങ്ങുന്നു. പിന്നീട് അവളുടെ പ്രണയത്തിലേക്കും ജീവിതത്തിലേക്കും കഥ സഞ്ചരിക്കുമ്പോള്‍ നമ്മളറിയാതെ തന്നെ നല്ല കുറേ ഓര്‍മ്മകളിലേക്ക് മടങ്ങുന്നു.
രജിഷ വിജയന്റെയും ജോജു ജോര്‍ജിന്റെയും അഭിനയമികവ് ചിത്രത്തിന്റെ പ്രധാന രംഗങ്ങളില്‍ കഥയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ എല്ലാവരും തന്നെ അനുയോജ്യമായ അഭിനയം തന്നെയാണ് കാഴ്ച്ചവെച്ചത്. അര്‍ജുന്‍ അശോകന്റെ ഇടപെടല്‍ ചിത്രത്തിന് ഒരു ഓളവും നല്‍കി.
ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വളരെ ലളിതമായ രീതീയില്‍ എങ്ങനെ സമൂഹത്തിലെയും ജീവിതത്തിലെയും ശ്രദ്ധിക്കാതെ പോകുന്ന തെറ്റായ ചിന്തകളെയും ശീലങ്ങളെയും ചോദ്യം ചെയ്യുന്നു എന്നത് തന്നെയാണ്. സംവിധായകന്റെ കൃത്യമായ ദിശാബോധം തന്നെയാണ് എടുത്ത് പറയേണ്ടത്. അത് പോലെ തന്നെ അനുയോജ്യമാണ് ചിത്രത്തിലെ ഗാനങ്ങളും. ജിതിന്റെ ദൃശ്യങ്ങളും ഇഫ്തിയുടെ സംഗീതവും പ്രേക്ഷകനെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നു.
നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു സ്ത്രീയെങ്കിലും നമുക്കൊപ്പം ഉണ്ടാകും. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപനങ്ങളെക്കുറിച്ചുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ജൂണ്‍.