സംവിധാനത്തിൽ ‘ഹരിശ്രീ’കുറിച്ചു

മലയാള സിനിമയിലെ സ്ഥിരം ഹാസ്യ സാന്നിധ്യമായ ഹരിശ്രീ അശോകന്‍ സംവിധായകന്റെ കുപ്പായമണിയുകയാണ്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുമായി ഹരിശ്രീ അശോകന്‍ എത്തുമ്പോള്‍ അതൊരു രസകൂട്ട് തന്നെയാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും. സംവിധാനത്തില്‍ ഹരിശ്രീ കുറിച്ചതിനെ പറ്റി അശോകന്‍ സെല്ലുലോയ്ഡിനോട് പറയുന്നു….

.ആദ്യത്തെ സംവിധാന സംരഭമാണ്.എന്താണ് പറയാനുള്ളത്?

.ഒരുപാട് ദിവസത്തെ കാര്യങ്ങള്‍ പറയാനുണ്ടാവും. കഥയെഴുതി തുടങ്ങി പിന്നെ അതിനൊപ്പം ഒരു ഒന്നൊന്നര വര്‍ഷം ഇരുന്നു. കഥയും തിരക്കഥയുമെല്ലാം എഴുതിയത് വേറെ ആള്‍ക്കാരാണ്. ചിത്രത്തിന്റെ സംഭാഷണം എഴുതുമ്പോഴെല്ലാം ഞാന്‍ കൂടെ ഉണ്ടായിരുന്നു. നല്ലൊരു അനുഭവമായിരുന്നു അതെല്ലാം. അതിനിടയ്ക്ക് പല ചിത്രങ്ങളും മാറ്റി വെയ്‌ക്കേണ്ടി വന്നു. ലാല്‍ജോസിന്റെ തട്ടുംപുറത്ത് അച്യുതനില്‍ വരെ എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ല.

.ഏന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി..പേരിലെ കൗതുകം?

.അത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇരുന്ന് ആലോചിച്ചപ്പോള്‍ പലപേരും പറഞ്ഞ് പറഞ്ഞ് രൂപപ്പെട്ട് വന്ന പേരാണ്. മാത്രമല്ല സിനിമ ഒരു ഇന്റര്‍നാഷണലില്‍ തുടങ്ങി ലോക്കലിലേക്ക് അവസാനിക്കും.അതിനാല്‍ തന്നെ വെറുതേ ഇട്ടിരിക്കുന്ന ഒരു പേരല്ല.

.ഈ തിരക്കഥയ്ക്കുള്ള തയ്യാറെടുപ്പ് എങ്ങനെയായിരുന്നു..

. ഈ ചിത്രത്തിന്റെ 3 പ്രൊഡ്യൂസര്‍മാരിലൊരാള്‍ ആദ്യം കഥ കേട്ടു. അദ്ദേഹം എന്നോട് പറഞ്ഞു ഈ കഥ ഒന്നു കേട്ട് നോക്കൂ എന്ന്. അങ്ങനെയാണ് കഥാകൃത്തുക്കള്‍ വന്ന് എന്നോട് കഥ പറയുന്നത്. കഥ കേട്ട് എനിക്ക് ഇഷ്ടം തോന്നി. നമുക്ക് പണിയെടുത്താല്‍ ശരിയാക്കാവുന്ന ഒരു സിനിമയാണെന്നു തോന്നി.

.ചിത്രത്തിലെ താരങ്ങളെ കുറിച്ച്?

. ധര്‍മ്മജന്‍, ബിജുകുട്ടന്‍,മനോജ്, സലീം കുമാര്‍, കലാഭവന്‍ ഷാജോണ്‍, നന്ദു,സുരേഷ് കൃഷ്ണ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളെയൊക്കെ കണ്ട്‌കൊണ്ടാണ് എഴുതിയത്. സുരേഷ് കൃഷ്ണ ചിത്രത്തില്‍ വ്യത്യസ്ഥമായിട്ടുള്ളൊരു കഥാപാത്രമാണ് ചെയ്യുന്നത്. സാധാരണ ചെയ്യുന്ന രീതിയില്‍ നിന്നും പല ആര്‍ട്ടിസ്റ്റുകളെയും ഈ ചിത്രത്തില്‍ പല മാറ്റവും വരുത്തിയിട്ടാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഈ ആക്ടേഴ്‌സിന്റെയൊക്കെ ഡേറ്റ് വാങ്ങിക്കുമ്പോഴെ അവരോട് ഈ മാറ്റങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവരെല്ലാം വളരെ ത്രില്ലിംഗിലായിരുന്നു ഈ വേഷങ്ങള്‍ ചെയ്യാനായിട്ട്.

.ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും അല്ലേ?

. അതെ ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമാണിത്. ഇപ്പോള്‍ പത്രവും ന്യൂസ് ചാനലും കണ്ടാല്‍ അന്ന് നമ്മള്‍ മൂഡ് ഓഫ് ആവും. ഞാന്‍ കുറ്റം പറയുകയല്ല. ഒരു ചെറിയ പനി വന്നാല്‍ താളം തെറ്റുന്നതാണ് സാധാരണക്കാരുടെ ജീവിതം. ആ സമയത്ത് ദുഖങ്ങളും ബുദ്ധിമുട്ടുകളും പ്രാരാബ്ദ്ധങ്ങളും നിറഞ്ഞതാവും ജീവിതം. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണിത്. ഇതില്‍ വലിയ മെസേജ് ഒന്നുമില്ല. എന്നാല്‍ ചെറിയ മെസേജുമുണ്ട്. ഫ്രണ്ട്ഷിപ്പ് എന്നാല്‍ വളരെ വിലപ്പെട്ട ഒന്നാണെന്നാണ്. ഫ്രണ്ട്ഷിപ്പിന് വേണ്ടി കൂട്ടുകാര്‍ ഒരുമിച്ച് നില്‍ക്കുന്നു. കൂടാതെ ഇതൊരു ഹ്യൂമര്‍ ചിത്രം കൂടിയാണ്. നല്ല ട്വിസ്റ്റായിട്ടുള്ളൊരു ക്ലൈമാക്‌സില്‍ അവസാനിക്കുന്നൊരു ചിത്രമാണിത്. നാല് പാട്ടുകളുമുണ്ട്. ഗോപീസുന്ദറാണ് മ്യൂസിക്ക് ചെയ്തിരിക്കുന്നത്. പിന്നെ നാദിര്‍ഷായുടെ ഒരു ഫെസ്റ്റിവല്‍ സോംഗ് ഉണ്ട്. അരുണ്‍ രാജിന്റെ പാട്ടും ചിത്രത്തിലുണ്ട്. കൂടാതെ ഈ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള പാട്ട് പാടുന്നത് എന്റെ മകന്‍ അര്‍ജുന്‍ അശോകാണ്. നമ്മുടെ നാട്ടില്‍ സിനിമകള്‍ നന്നാവണമെങ്കില്‍ ആദ്യം നമ്മള്‍ നന്നാവണം. അതിനാല്‍ തന്നെ സിനിമ ഇറങ്ങുന്ന സമയത്തെങ്കിലും കൊല്ലലും സമരങ്ങളും ഹര്‍ത്താലും ഇല്ലാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഞങ്ങള്‍ ഹര്‍ത്താലുള്ള ദിവസവും ഷൂട്ട് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ആ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടിക്കാരോട് പറഞ്ഞു ഞങ്ങളെ ഉപദ്രവിക്കരുത് ഒരു ദിവസത്തെ ഷൂട്ടിംഗ് മുടക്കിയാല്‍ ഒരുപാട് രൂപയുടെ നഷ്ടം വരും ഞങ്ങള്‍ ശല്യം ചെയ്യില്ല എന്നൊക്കെ. അപ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങളാരും ഉപദ്രവിക്കില്ല..നിങ്ങള്‍ ചെയ്‌തോളൂ എന്ന്. എന്റെ സിനിമയിലെ എല്ലാവരും ആര്‍ക്കും ഒരു രീതിയിലും പ്രശ്‌നമാവാതെ തുടക്കം മുതല്‍ ഒരുമിച്ച് കൂടെ തന്നെ നിന്നിട്ടുണ്ട്.

. സംവിധാന മോഹം എങ്ങിനെ വന്നു? തുടരുമോ?

.സംവിധാനം ചെയ്യുക എന്നൊരു ആഗ്രഹം കുറച്ച് വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ട്. ആ ആഗ്രഹം നല്ലൊരു സബ്ജക്ട് കിട്ടിയപ്പോഴും പ്രൊഡ്യൂസറെ കിട്ടിയപ്പോഴും ചെയ്യാമെന്ന് തോന്നി. ഇനി നല്ലൊരു സബ്ജക്ടും കാര്യങ്ങളും കിട്ടുമ്പോള്‍ ഞാന്‍ സംവിധാനത്തിലേക്ക് വീണ്ടും വരും. പക്ഷെ ഇനി കുറച്ച് സിനിമ കൂടെ അഭിനയിക്കാനുണ്ട്. ഈ വര്‍ഷം അവസാനം ഒരു സിനിമ കൂടി ഞാന്‍ സംവിധാനം ചെയ്യുന്നുണ്ട്.

.ഒരു ആക്ടറില്‍ നിന്ന് സംവിധായകനിലേക്ക് മാറിയപ്പോള്‍?

.ഒരു സിനിമയുടെ പുറകിലുള്ള എല്ലാവരുടെയും വേദന എനിക്ക് അറിയാം. എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ചായ കൊടുക്കുന്ന വ്യക്തി മുതല്‍ പ്രൊഡ്യൂസര്‍ വരെയുള്ള എല്ലാ ആള്‍ക്കാരുടെയും ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമെല്ലാം കേട്ടും അറിഞ്ഞും കണ്ടും പഠിച്ചിട്ടുള്ള ആളാണ് ഞാന്‍. ആ ബുദ്ധിമുട്ടുകളൊക്കെ എപ്പോഴും സിനിമയില്‍ ഉണ്ടാവും. ഒരാള്‍ മനപ്പൂര്‍വ്വം ആരെയും ദ്രോഹിക്കാറില്ല. പിന്നെ സിനിമ ഒരുപാട് സ്ഥലത്ത് വെച്ചാണ് നടത്തുന്നത്. ആര്‍ടിസ്റ്റ് മറ്റൊരു സ്ഥലത്താണെങ്കില്‍ അയാള്‍ വരുന്ന വരെ നമുക്ക് കാത്തിരിക്കേണ്ടിവരും. അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. പക്ഷെ അതൊന്നും മനപ്പൂര്‍വമല്ല. ഞാനും ഇങ്ങനെയൊക്കെയായിരുന്നു. സിനിമ വിചാരിച്ച സമയത്തൊന്നും നമുക്ക് ചെയ്യാന്‍ പറ്റില്ല. എല്ലാം അനുകൂലമായാലേ പറ്റൂ.

. ചിത്രത്തിന്റെ ക്യാമറാമാന്‍ ആല്‍ബിയുമായുള്ള കമ്മ്യൂണിക്കേഷന്‍ എങ്ങനെയായിരുന്നു?

. കുറേ വര്‍ഷങ്ങളായിട്ട് ആല്‍ബിയെ എനിക്കറിയാം. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ ആല്‍ബിയുമായിട്ട് കൂടുതല്‍ അടുക്കുന്നത്. ആ സമയത്ത് ആല്‍ബി ലാലിന്റെ കൂടെയുണ്ടായിരുന്നു. ലാലും ഞാനുമെല്ലാം ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ആല്‍ബി ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വന്‍ ഹിറ്റായിരുന്നു. അങ്ങനെ ഒരുപാട് ചിത്രങ്ങളുണ്ട്് ആല്‍ബിയുടേത്. ഇപ്പോള്‍ ഒരു തെലുങ്ക് ചിത്രം കൂടി ചെയ്യാന്‍ പോവുകയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം തെലുങ്കില്‍ വരെ അറിഞ്ഞു എന്നത് നോക്കുമ്പോള്‍ കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ?. ഞാന്‍ ആദ്യമായിട്ട് സംവിധാനം ചെയ്യുന്നതിനാല്‍ കുറച്ച് പോരായ്മകളെല്ലാം ഉണ്ടായിരുന്നു. എന്നോടൊപ്പം നിന്ന് ആല്‍ബി അതെല്ലാം പറഞ്ഞ് തരുമായിരുന്നു. എന്റെ സിനിമയില്‍ ആല്‍ബി വേണമെന്ന് നിര്‍ബന്ധമായിരുന്നു എനിക്ക്. ആല്‍ബിക്ക് പകരം മറ്റൊരു ക്യാമറാമാന്‍ ആയിരുന്നെങ്കില്‍ ഇത്രയും ഫ്രീയായിട്ട് എനിക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു. പിന്നെ എനിക്ക് പരിചയമുള്ളവര്‍ തന്നെയായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. ഒരു പക്ഷെ ഇനി അടുത്ത ചിത്രത്തിലും ഇവര്‍ തന്നെ ആയിരിക്കാം ഒപ്പം.

.പ്രൊഡ്യൂസര്‍മാരെക്കുറിച്ച്..?

. പ്രൊഡ്യൂസര്‍ എന്റെ സുഹൃത്താണ്. അദ്ദേഹവുമായിട്ട് സിനിമയല്ലാതെ എനിക്ക് മറ്റ് ബന്ധങ്ങളുമുണ്ട്. അദ്ദേഹം എന്റടുത്ത് വന്ന് നമുക്ക് ഒരു സിനിമ ചെയ്താലോ എന്ന് ചോദിച്ച് ഒരു സബ്ജക്ടില്‍ നിന്നു തുടങ്ങി. ആ സബ്ജക്ട് വളരെ സീരിയസ്സായിരുന്നു ഹ്യൂമര്‍ പറ്റില്ലായിരുന്നു. എനിക്ക് ഹ്യൂമര്‍ വേണമായിരുന്നു. കാരണം ഹരിശ്രി അശോകനെ എല്ലാവരും കാണുന്നത് തമാശക്കാരനായിട്ടാണ്. അപ്പോള്‍ ഞാന്‍ ചെയ്യുന്ന ചിത്രത്തില്‍ നല്ല രീതിയില്‍ തമാശ ഉണ്ടാവണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എനിക്ക് വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും പറഞ്ഞ് തന്ന ഒരുപാട് സംവിധായകരുണ്ട്. അവരോടെല്ലാം ഞാന്‍ ആ കഥ വിവരിച്ച് കൊടുത്തു. അതില്‍ അത്രയും തമാശകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റാതായപ്പോഴാണ് ഞാന്‍ ആ സബ്ജക്ട് മാറ്റിവെച്ചത്. പിന്നെ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസറില്‍ ഒരാള്‍ ഇപ്പോള്‍ ചെയ്യുന്ന ഏന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ കഥ കേട്ടിട്ട് ഈ കഥ എന്നോട് നോക്കാന്‍ പറഞ്ഞത്. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് വരുന്നത്. പ്രൊഡ്യൂസര്‍മാര്‍ക്ക് ആകെ ഒരു നിബന്ധനയെ ഉണ്ടായിരുന്നുള്ളു നല്ല സിനിമയായിരിക്കണം, ഒപ്പം ഹരിശ്രി അശോകന്റെ സിനിമയായിരിക്കുമ്പോള്‍ അതില്‍ ചിരിക്കാനുണ്ടാവണം എന്നാണ്. നല്ല പ്രൊഡ്യൂര്‍മാരെയാണ് ഈ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞത് ഇത് കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്നാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കുഴപ്പമില്ല,താന്‍ റെഡിയാണ് എന്നാണ്. ആ ഒരു മനസ്സാണ് എനിക്ക് ഊര്‍ജ്ജം തന്നത്. ഭയങ്കര സപ്പോര്‍ട്ടിംഗായിരുന്നു.

.അഭിനയം വിടുമോ?

.ഒരിക്കലുമല്ല. സംവിധാനം ചെയ്യണം,ഒപ്പം അഭിനയിക്കുകയും ചെയ്യണം. സംവിധാനവും അഭിനയവും രണ്ടും രണ്ടല്ലെ..അഭിനയം എന്റെ തൊഴിലാണ്. സംവിധാനം സമയമെടുത്ത് ചെയ്യണ്ട കാര്യവും. സംവിധാനം എന്ന് തുടങ്ങുന്നോ അന്ന് മുതല്‍ റിലീസ് വരെ കൂടെ ഉണ്ടാവണം. സാമ്പത്തികമായിട്ട് നഷ്ടമായിരിക്കും. പക്ഷെ അതിനേക്കാള്‍ സുഖം ആ ചിത്രം വിജയിച്ചു എന്ന് കേള്‍ക്കുമ്പോഴാണ്.

.റിലീസ് അടുക്കുമ്പോള്‍ ടെന്‍ഷനുണ്ടോ?

. അങ്ങനെ ടെന്‍ഷനൊന്നുമില്ല. പിന്നെ ചിത്രം റിലീസ് ചെയ്യാനടുക്കുമ്പോള്‍ ഏതെല്ലാം ചിത്രങ്ങളാണ് അതോടൊപ്പം ഇറങ്ങുക, എങ്ങനെയാവും എന്നൊരു ടെന്‍ഷനുണ്ടായിരുന്നു. ഈ ചിത്രം കണ്ടവരൊക്കെ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയാവും ഇതെന്നും കുഴപ്പമില്ല എന്നെല്ലാമാണ്. ആ ഒരു ധൈര്യം മനസ്സിലുണ്ട്.