
നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ഭരണത്തുടർച്ച നഷ്ടമായ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യു രംഗത്ത്. പ്രതിപക്ഷ നേതാവാകാൻ ഭയമാണെങ്കിൽ പിണറായി വിജയന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ ഒരുപക്ഷേ യുഡിഎഫ് സർക്കാർ തയ്യാറായേക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാള ഭാഷാപ്രയോഗത്തിലും ശൈലിയിലും അദ്ദേഹം നൽകിയ ‘സവിശേഷമായ’ സംഭാവനകൾ പരിഗണിച്ചായിരിക്കും ഈ നിയമനമെന്നും ജോയ് മാത്യു പരിഹസിച്ചു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ ഇടതുമുന്നണി യോഗം പ്രാഥമികമായി വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകൾ ഇടത് വിരുദ്ധമായി ഏകീകരിച്ചതാണ് തിരിച്ചടിയായതെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. പരാജയത്തിന് പലവിധ കാരണങ്ങളുണ്ടെന്നും മുന്നണി സംവിധാനം ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലണമെന്നും യോഗത്തിൽ ചർച്ചയായി. പരാജയത്തെക്കുറിച്ച് വിശദമായ ചർച്ചകൾ ജൂണിൽ നടക്കും. തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ താൻ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പ്രതികരിച്ചു.
ഒറ്റക്കെട്ടായി നിന്നാൽ തിരിച്ചുവരാമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണി ശക്തമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശൈലിയും തോൽവിക്ക് കാരണമായെന്ന ആക്ഷേപങ്ങൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
ബ്രാഞ്ച് തലം മുതൽ പരാജയകാരണങ്ങൾ വിശദമായി പഠിക്കാൻ ജൂൺ 15 വരെ സിപിഎം സമയം നിശ്ചയിച്ചിട്ടുണ്ട്. മുന്നണിയിലെ മറ്റ് പാർട്ടികളും സമാനമായ രീതിയിൽ താഴെത്തട്ടിൽ പരിശോധന നടത്തണം. ജൂൺ 15-ന് ശേഷം എൽഡിഎഫ് യോഗം ചേർന്ന് അന്തിമ വിലയിരുത്തൽ നടത്തും. എന്നാൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് വേണ്ടവിധം എത്തിയില്ലെന്ന വിമർശനം സിപിഐ മുന്നണി യോഗത്തിൽ ഉന്നയിച്ചു.