‘പുഷ്പ 2’ അപകടം; പരിക്കേറ്റ കുട്ടിയുടെ വീട് സന്ദർശിച്ച് അല്ലു അർജുൻ്റെ ഭാര്യയും, പിതാവും

','

' ); } ?>

‘പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ വീട് സന്ദർശിച്ച് അല്ലു അർജുൻ്റെ കുടുംബാംഗങ്ങൾ. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അവർ, കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്തു. അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയും പിതാവ് അല്ലു അരവിന്ദുമാണ് ശ്രീതേജെന്ന കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്.

അപകടത്തിന് ശേഷം അബോധാവസ്ഥയിലായ ശ്രീതേജ് ദീർഘകാലം വെന്റിലേറ്ററിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നാഡീസംബന്ധമായ സങ്കീർണ്ണതകളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. അഞ്ച് മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശ്രീതേജിനെ 2025 ഏപ്രിലിലാണ് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്തത്. അദ്ദേഹത്തിന് നിലവിൽ രാംഗോപാൽപേട്ടിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ നാഡീസംബന്ധമായ ചികിത്സകൾ തുടർന്നു വരികയാണ്.

2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയറിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ്റെ അമ്മ ഈ സംഭവത്തിൽ മരിക്കുകയും ചെയ്തു.

മകന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നും, അവൻ തങ്ങളെ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുകയാണെന്നും ശ്രീതേജിന്റെ പിതാവ് മൊഗദാംപള്ളി ഭാസ്ക‌ർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനുമുള്ള പ്രത്യേക തെറാപ്പികൾ ശ്രീതേജിന് നൽകി വരികയാണ്.

ശ്രീതേജിന്റെ ഇളയ സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകൾ അല്ലു അരവിന്ദ് ഏറ്റെടുത്തിട്ടുണ്ട്. അപകടം നടന്ന സമയം മുതൽ ശ്രീതേജിന്റെ ചികിത്സാ ചെലവുകൾക്കായി അല്ലു കുടുംബവും പുഷ്‌പയുടെ നിർമ്മാണ കമ്പനിയും സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്. ഈ പിന്തുണ ഇനിയും തുടരുമെന്ന് അവർ കുടുംബത്തെ അറിയിച്ചു.

കുട്ടിയുടെ ചികിത്സാച്ചെലവുകൾ സ്പോൺസർ ചെയ്ത് അല്ലുവും കുടുംബവും കുട്ടിയുടെ പേരിൽ ഒരു സ്‌ഥിര നിക്ഷേപം നടത്തുകയും ചെയ്തു. ശ്രീ തേജിൻ്റെ പേരിൽ 2 കോടി രൂപയുടെ സ്‌ഥിര നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ നിന്ന് പ്രതിമാസം 1.5 ലക്ഷം രൂപ പലിശ ലഭിക്കും. സംഭവം നടന്ന് ആദ്യ ദിവസം മുതൽ തന്നെ കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ട്. ശ്രീ തേജിൻ്റെ ചികിത്സയ്ക്ക് പ്രതിമാസം ഏകദേശം 3 ലക്ഷം രൂപയോളം ചെലവാകുമെന്നും, അതിൻ്റെ മുഴുവൻ ചെലവും അല്ലു അർജുൻ ആണ് വഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.