‘ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം’: അരുണ്‍ കുമാര്‍

ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതോടെ ഷാരൂഖ് ഖാനും ദീപികാ പദുക്കോണും നായികാ നായകന്മാരായി എത്തുന്ന പഠാന്‍ എന്ന ചിത്രത്തിന് എതിരെ ബഹിഷ്‌ക്കരണ ആഹ്വാനം ആരംഭിച്ചിരിക്കുകയാണ്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. കാവി നിറത്തിലുളള ബിക്കിനിയാണ് ഗാനത്തിലെ ഒരു രംഗത്ത് ദീപിക ധരിച്ചിരിക്കുന്നത് എന്നത് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാര്‍.

നിങ്ങളിറിഞ്ഞാരുന്നോ, കഴിഞ്ഞ മാസം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്നഅഞ്ച് പതഞ്ജലി മരുന്നുകളുടെ ( ദിവ്യ ലിപിഡോം, ദിവ്യ ലിവോഗ്രിത്, ദിവ്യ ലിവാമൃത് അഡ്വാന്‍സ്, ദിവ്യ മധുനാശിനി വതി, ദിവ്യ മധുനാശിനി ടാബ്ലറ്റ് എന്നീ ഹൃദ്രോഗമടക്കമുള്ള രോഗങ്ങളുടെ മരുന്നെന്ന തരത്തില്‍ മാര്‍ക്കറ്റില്‍ ലഭ്യമായവയുടെ) ഉത്പാദനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്? ഈ മരുന്നുകളുടെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയില്‍ രണ്ട് മാധ്യമങ്ങള്‍ക്ക് പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയത്. ഇ ബ്രാന്‍ഡ് പതഞ്ജലിയായതുകൊണ്ടു മാത്രം കാവി അടിവസ്ത്രം ആരും തിരഞ്ഞില്ല.ഏതു മായം ചേര്‍ക്കുന്നു എന്നതല്ല, ആര് മായം ചേര്‍ക്കുന്നു എന്നതാണ് പ്രശ്‌നം.ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം.
ഇക്കൂട്ടരെ അടയാളപ്പെടുത്തുന്നത് എങ്ങനെയായിരിക്കും എന്ന് ആലോചിക്കൂ.ബീഫ് തപ്പി വരുന്നവര്‍, ഇ.ഡിയെ വിളിക്കാന്‍ പോകുന്നവര്‍, കുളത്തില്‍ വിഗ്രഹം തപ്പി പോകുന്നവര്‍, പശുവിന്റെ പാലില്‍ സ്വര്‍ണ്ണം തിരഞ്ഞവര്‍,ഗോമൂത്രം ഒഴിച്ച് ദളിതന്‍ കുടിച്ച കുടിവെള്ള പാത്രം ശുദ്ധിയാക്കിയവര്‍, കാമ്പസ്സുകളില്‍ നിരോധന ഉറകള്‍ തേടി പോയവര്‍ .. ഒടുവിലിതാ …. തേടി പോയവര്‍. ഒരു തരം പ്രത്യേകം മനുഷ്യരാണല്ലേ ഇവര്‍. എന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.