ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും

27-ാമത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന സമ്മേളനം. അവസാന ദിവസം 15 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഇവയ്ക്ക് റിസര്‍വേഷന്‍ ആവശ്യമില്ല. നിള, ശ്രീ, കൈരളി, കലാഭവന്‍, ടാഗോര്‍ തിയറ്ററുകളില്‍ മാത്രമേ ഇന്ന് പ്രദര്‍ശനമുള്ളൂ.

ആനന്ദ് മഹാദേവന്റെ സ്റ്റോറിടെല്ലര്‍, ഒപ്പിയം, ജാഫര്‍ പനാഹിയുടെ നോ ബിയേഴ്‌സ്, മാനുവേലാ മാര്‍ടീലി ചിത്രം 1976, ഹംഗേറിയന്‍ ചിത്രം ദി ഗെയിം, ബിറ്റര്‍സ്വീറ്റ് റെയ്ന്‍, ദ ഹാപ്പിയസ്‌ററ് മാന്‍ ഇന്‍ ദ വേള്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്നവയില്‍ ശ്രദ്ധേയമായവ. സമാപന സമ്മേളനത്തിനുശേഷം സുവര്‍ണ ചകോരം നേടുന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.

സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദന്‍ മുഖ്യാതിഥിയാകും. മന്ത്രി കെ. രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.മേളയിലെ മികച്ച ചിത്രം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.

പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. വെള്ളിയാഴ്ച 12 വരെ ഡെലിഗേററ്റുകള്‍ക്ക് ഇതിനായി വോട്ട് ചെയ്യാം. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.