ധനുഷിന്റെ വ്യത്യസ്ഥ ഗ്യാങ്‌സറ്റര്‍ ഗെറ്റപ്പിലുള്ള പോസ്റ്ററുകളുമായി വാര്‍ത്തളിലിടം നേടിയ പുതിയ ചിത്രം ‘ജഗമേ തന്തിരം’ റിലീസിനൊരുങ്ങുന്നു. മലയാളി താരം ജോജു ജോര്‍ജ് തമിഴ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് ആദ്യ വാരം തിയറ്ററുകളിലെത്തും.
ധനുഷ് നായകനാവുന്ന സ്വന്തം കരിയറിലെ നാല്‍പതാം ചിത്രമാണ് ജഗമേ തന്തിരം. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ‘ഗെയിം ഓഫ് ത്രോണ്‍സി’ലൂടെ ശ്രദ്ധേയനായ ജെയിംസ് കോസ്മോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമാണ് ജഗമേ തന്തിരമെന്നാണ് ഇതുവരെയുള്ള സൂചനകള്‍ നല്‍കുന്നത്. സംഗീതം സന്തോഷ് നാരായണന്‍, ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഘട്ടനം ദിനേശ് സുബ്ബരായന്‍ എന്നിവരാണ്.
തമിഴിനൊപ്പം തെലുങ്ക് പതിപ്പും മെയ് ഒന്നിന് തീയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.