
ബോഡി ഷെയ്മിങ്ങിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവൽ മേരി. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും നിരന്തരം അഭിപ്രായം പറയുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് താരം നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജുവൽ മേരിയുടെ ഈ തുറന്ന പറച്ചിൽ.
മറ്റുള്ളവരുടെ ശരീരത്തിലും തൊലിക്കടിയിലെ കൊഴുപ്പിലുമൊന്നും മറ്റുള്ളവർക്ക് യാതൊരു അവകാശവുമില്ലെന്നും, ഇത് തന്റെ മാത്രം ശരീരവും ഇടവുമാണെന്നും താരം വ്യക്തമാക്കി. സ്നേഹത്തിന്റെ പേരിൽ ബോഡി ഷെയ്മിങ് നടത്തുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും, നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ മനുഷ്യരുടെ ജീവിതവും അവസരങ്ങളും തകർക്കുന്ന രീതി ഇനി തുടരാൻ അനുവദിക്കില്ലെന്നും ജുവൽ മേരി മുന്നറിയിപ്പ് നൽകി. കഴിവ് എന്നത് ശരീരപ്രകൃതിയോ സൗന്ദര്യ മാനദണ്ഡങ്ങളോ അല്ല, മറിച്ച് ഒരാൾ സൃഷ്ടിക്കുന്ന സൃഷ്ടികളിലും പ്രവർത്തനങ്ങളിലുമാണ് അടങ്ങിയിരിക്കുന്നതെന്നും അവർ ഓർമ്മിപ്പിച്ചു.
വ്യക്തിസ്വാതന്ത്ര്യത്തെയും ശരീരത്തെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന താരത്തിന്റെ ഈ നിലപാട് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. നിരവധി പ്രമുഖരും പൊതുജനങ്ങളും താരത്തിന്റെ വാക്കുകളെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ജുവൽ മേരിയുടെ വാക്കുകൾ:
‘‘നിർത്തിക്കോ! വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തിൽ, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് അവിടെ എടുത്തുവെച്ചിരിക്കുന്നത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്; ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി’ എന്ന്.
നിങ്ങളുടെ സ്നേഹം എനിക്ക് മനസ്സിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?
നമ്മൾ എത്ര സ്ത്രീകളെയാണ്, എത്ര കുട്ടികളെയാണ്, എത്ര മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനെത്തന്നെ നശിപ്പിച്ചു കളയുന്ന രീതിയിൽ സംസാരിക്കുന്നത്? ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ?
വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്… ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും, ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്?
അല്ല, കഴിവ് എന്ന് പറയുന്നത് അവരിൽ നിന്ന് പുറത്തുവരുന്ന ഒന്നാണ്. അവർ നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർ നിങ്ങൾക്കായി എന്ത് നിർമിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്.
കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്, അത് മനസ്സിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് കാഷ്വലായി ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ചു പറയാനുണ്ടാകും.’’
മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ശരീരത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് ജുവല്‍ മേരി പങ്കുവെച്ച ഈ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.