“ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത്”; ജീത്തു ജോസഫ്

','

' ); } ?>

ഒന്നാം ഭാഗത്തിൻ്റെ പാറ്റേർണിലാണ് ദൃശ്യം 3 ഒരുങ്ങുന്നതെന്ന് മനസ്സ് തുറന്ന് സംവിധായകൻ ജീത്തു ജോസഫ്. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നതെന്നും, കഥാപാത്രങ്ങളുടെ ഐഡന്റിറ്റി തങ്ങൾ നിലനിർത്തുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കിൽ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റിവ് പാറ്റേൺ ഉണ്ടായിരുന്നു എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം.’ ജീത്തു ജോസഫ് പറഞ്ഞു

ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.