
തന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിലേക്ക് ഛായാഗ്രഹണം നിർവഹിക്കാൻ പുതുമുഖത്തിന് അവസരം നൽകി നടൻ ജയസൂര്യ. അസ്കർ അലി നായകനായ ‘സംഭവം അധ്യായം ഒന്ന്’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ കൂടിയായ നജോസിനാണ് ജയസൂര്യ അവസരം നൽകിയിരിക്കുന്നത്.
‘സംഭവം അധ്യായം ഒന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാൻ ഇടയായ ജയസൂര്യ, അതിലെ ദൃശ്യങ്ങൾ കണ്ട് അദ്ഭുതപ്പെടുകയും ഇതിന്റെ ക്യാമറ വർക്ക് മികച്ചതാണല്ലോ എന്ന് രതീഷ് വേഗയോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജയസൂര്യ നജോസിനെ ബന്ധപ്പെട്ടത്.
തൻ്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി എന്ന വലിയ ഉത്തരവാദിത്തം ആ ടീം തന്നെ നജോസിനെ ഏൽപ്പിക്കുകയായിരുന്നു. സാധാരണയായി ഇത്തരം വമ്പൻ പ്രോജക്റ്റുകൾക്കായി മുൻനിര ഛായാഗ്രാഹകരെ തേടി പോകുന്ന പതിവ് രീതികളിൽ നിന്ന് മാറി പ്രതിഭയുള്ള പുതുമുഖങ്ങളെ കണ്ടെത്തി അവർക്ക് വലിയ വേദി ഒരുക്കിക്കൊടുക്കുന്ന ജയസൂര്യയുടെ ഈ നിലപാട് സിനിമാലോകത്ത് വലിയ മാതൃകയാവുകയാണ്.
പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രമാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഗുഡ്‌വിൽ എന്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ‘ഓപ്പറേഷൻ ട്രോൾ’ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ള ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലറാണ്.
ജമ്മു കശ്‌മീരിലെ താളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന നിർണ്ണായകമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പാൻ-ഇന്ത്യൻ സിനിമയായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ അതീവ രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന ഈ ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലർ ഈ വർഷം ക്രിസ്‌മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കരുത്തുറ്റ വേഷങ്ങളിലൊന്ന് നജോസിൻ്റെ ക്യാമറയിലൂടെ വെള്ളിത്തിരയിൽ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.