‘ശശിലളിത’..ജയലളിതയുടെയും ശശികലയുടെയും ജീവിതകഥ സിനിമയാവുന്നു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും തോഴി ശശികലയുടെയും ജീവിതം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ‘ശശിലളിത’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. കെ. ജഗദീശ്വര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയലളിതയ്‌ക്കൊപ്പം ശശികലയ്ക്കും പ്രാധാന്യം നല്‍കുന്നതിനാണ് സിനിമയ്ക്ക് ശശിലളിത എന്ന് പേര് നല്‍കിയതെന്ന് സംവിധായകന്‍ പറയുന്നു. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രിവാസം സിനിമയില്‍ ഉള്‍പ്പെടുത്തും. ജയം മൂവീസാണ് സിനിമ നിര്‍മ്മിക്കുന്നത്. ശശിലളിതയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ലേഡി’ എന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കങ്കണാ റണൗത്തിനെ കേന്ദ്രകഥാപാത്രമാക്കി എ.എല്‍ വിജയ്യും സിനിമയൊരുക്കുന്നുണ്ട്. ബോളിവുഡില്‍ ജയ എന്ന പേരിലാണ് ചിത്രം വരുന്നത്.