‘ജയ ജയ ജയ ജയഹേ’ ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബര്‍ 22 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.

സംവിധായകന്‍ വിപിന്‍ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ജാനേമന്‍’ എന്ന ചിത്രത്തിന് ശേഷം ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പുറത്തിറക്കിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 45 കോടിയിലധികം രൂപ നേടി. ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് . ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.