
കൗമാരപ്രായത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മനസുതുറന്ന് ബോളിവുഡ് നടി ജാൻവി കപൂർ. വെറും 15 വയസ്സുള്ളപ്പോൾ തന്റെ മോർഫ് ചെയ്ത ചിത്രം ഒരു അശ്ലീല വെബ്‌സൈറ്റിൽ കാണാനിടയായ സാഹചര്യത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജാൻവിയുടെ പ്രതികരണം. സ്കൂളിലെ ഐടി ക്ലാസ്സിനിടെ അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് ജാൻവി പറഞ്ഞു.
അന്ന് ആൺകുട്ടികൾ തമാശയ്ക്കായി ഇത്തരം വെബ്‌സൈറ്റുകൾ പരിശോധിക്കാറുണ്ടായിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം ചിത്രം മോശം രീതിയിൽ പ്രചരിക്കുന്നത് കണ്ടതെന്നും ജാൻവി ഓർത്തെടുത്തു. അന്നത് ഒരുപക്ഷേ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ആയിരുന്നിരിക്കില്ലെങ്കിലും സമാനമായ രീതിയിൽ നിർമിക്കപ്പെട്ടവയായിരുന്നു. അക്കാലത്ത് പ്രശസ്തിക്കായി നൽകേണ്ടി വരുന്ന വിലയാണിതെന്ന് സ്വയം വിശ്വസിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടെന്നും താരം വ്യക്തമാക്കി. വർഷങ്ങൾക്കിപ്പുറം എഐ (AI) ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജചിത്രങ്ങൾ തന്നെ ഇന്നും ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് ജാൻവി കൂട്ടിച്ചേർത്തു.
തുഷാർ ജലോട്ട സംവിധാനം ചെയ്ത ‘പരം സുന്ദരി’ ആണ് ജാൻവിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സിദ്ധാർഥ് മൽഹോത്ര നായകനായെത്തിയ ഈ സിനിമയ്ക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. കേരള പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മലയാളത്തെയും മലയാളികളെയും തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന ആരോപണം.