‘ഫ്രണ്ട്സ്’, ‘ചിയേഴ്സ്’ സിറ്റ്‌കോം പരമ്പരകളുടെ സംവിധായകൻ; ജെയിംസ് ബറോസ് അന്തരിച്ചു

','

' ); } ?>

ടെലിവിഷൻ രംഗത്തെ ഇതിഹാസ സംവിധായകനും ജനപ്രിയ സിറ്റ്‌കോം പരമ്പരകളുടെ സ്രഷ്ടാവുമായ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്. എന്നാൽ മരണകാരണമോ മറ്റ് അനുബന്ധ വിവരങ്ങളോ കുടുംബാംഗങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.

അമേരിക്കൻ സിറ്റ്‌കോമുകളുടെ ദൃശ്യശൈലി തന്നെ മാറ്റിയെഴുതുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ പ്രൊഫഷണൽ കരിയറിൽ 11 എമ്മി അവാർഡുകളും അഞ്ച് ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (DGA) അവാർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ടെലിവിഷൻ സംവിധാന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2015ൽ ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ലോകമെമ്പാടും വൻ ജനപ്രീതി നേടിയ ‘ഫ്രണ്ട്സ്’, ‘ചിയേഴ്സ്’ തുടങ്ങിയ ടെലിവിഷൻ സിറ്റ്‌കോം പരമ്പരകളുടെ സംവിധായകനെന്ന നിലയിലാണ് ജെയിംസ് ബറോസ് ആഗോളതലത്തിൽ ശ്രദ്ധേയനാകുന്നത്. ടെലിവിഷനിലെ ഏറ്റവും മികച്ച കോമഡി പരമ്പരകളിലൊന്നായ ‘ചിയേഴ്സി’ന്റെ സഹ സ്രഷ്ടാവ് കൂടിയാണ് അദ്ദേഹം. ഇതിന് പുറമേ ‘ടാക്‌സി’, ‘വിൽ ആൻഡ് ഗ്രേസ്’, ‘ഫ്രോസിയർ’, ‘ദ ബോബ് ന്യൂഹാർട്ട് ഷോ’, ‘മൈക്ക് ആൻഡ് മോളി’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഷോകളുടെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1974-ൽ സംപ്രേഷണം ചെയ്ത ‘ദ മേരി ടൈലർ മൂർ ഷോ’യിലൂടെയാണ് ജെയിംസ് ബറോസ് തന്റെ ടെലിവിഷൻ കരിയറിന് തുടക്കം കുറിക്കുന്നത്. തുടർന്ന് അമ്പതിലധികം ടെലിവിഷൻ പൈലറ്റ് എപ്പിസോഡുകൾ സംവിധാനം ചെയ്ത അദ്ദേഹം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിലൊരാളായി മാറുകയായിരുന്നു.