‘ജമീലാന്റെ പൂവന്‍കോഴി’ ചിത്രീകരണം പൂര്‍ത്തിയായി

നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്യുന്ന ജമീലാന്റെ പൂവന്‍കോഴി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്യാം മോഹനും ഷാജഹാനുമാണ്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. ഏറെക്കാലത്തിന് ശേഷം ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കര്‍ ഈ ചിത്രത്തിലൂടെ മടങ്ങിവരുകയാണ്. കുമ്പളങ്ങി നൈറ്റ്‌സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്‌സ് ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. കോളനിയില്‍ താമസിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ജമീലാന്റെ പൂവന്‍കോഴി.

നൗഷാദ് ബക്കര്‍, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ക്യാമറ-വിശാല്‍ വര്‍ഷ, ഫിറോസ്‌കി, മെല്‍വിന്‍, വസ്ത്രാലങ്കാരം-ഡോണ, മേക്കപ്പ്-സുധീഷ്, ആര്‍ട്ട്-സത്യന്‍, സംഘട്ടനം-അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പി.ആര്‍.ഒ- പി.ആര്‍. സുമേരന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.