ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത

മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് (73)അന്തരിച്ചു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി വനിതയാണ്. 1946ല്‍ ആലപ്പുഴ മുതുകുളത്തായിരുന്നു ജനനം.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏക മകനുമൊത്ത് തിരുവനന്തപുരം ബീമാപള്ളിക്കടുത്ത് വാടക വീട്ടിലായിരുന്നു താമസം. മകന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം അമ്മയും ഫെഫ്കയും ചേര്‍ന്ന് ഏറ്റുവാങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്.

റാഗിംഗ് (1973) ആയിരുന്നു ആദ്യ സിനിമ. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളില്‍ നായികയായി. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ആകാശവാണിക്കു വേണ്ടി നിരവധി നാടകങ്ങള്‍ എഴുതി. ഇന്‍സ്റ്റിറ്റിയൂട്ട് പഠനകാലത്ത് കെ.ജി. ജോര്‍ജിന്റെ ഉള്‍പ്പെടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്‌സ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.