
ജനനായകന് പിന്നാലെ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ച് ജയിലർ 2. സിനിമയുടെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സൺ പിക്ചേഴ്സ് ഇത്തരം വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ അതിവേഗമാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് സൺ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. സൈബർ സെല്ലിന്റെയും ആന്റി പൈറസി ടീമിന്റെയും സഹായത്തോടെ വീഡിയോകൾ ഷെയർ ചെയ്യുന്ന ലിങ്കുകൾ നിരീക്ഷിച്ചുവരികയാണ്. മാധ്യമങ്ങളും ഫാൻസ് ക്ലബുകളും ഈ വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും, നിയമലംഘനം നടത്തുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കാൻ നടപടിയെടുക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിജയ് നായകനായ ‘ജന നായകൻ’ സിനിമയുടെ എച്ച്ഡി പ്രിന്റ് പുറത്തായത്. ഈ കേസിൽ ചെന്നൈ പൊലീസ് ഒരു ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് സിനിമയുടെ റിലീസ് വൈകുന്നതിനിടെയായിരുന്നു സിനിമ ചോർന്നത്.
2023ൽ റിലീസ് ആയ സൂപ്പർഹിറ്റ് ചിത്രം ‘ജയിലറി’ന്റെ രണ്ടാം ഭാഗമാണ് ‘ജയിലർ 2’. 600 കോടി രൂപയാണ് ഈ സിനിമ ആഗോളതലത്തിൽ സ്വന്തമാക്കിയത്. രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം മിഥുൻ ചക്രവർത്തി, വിജയ് സേതുപതി, വിദ്യാ ബാലൻ എന്നിവരും രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും ചിത്രത്തിൽ അഭിനയിക്കുന്നതായാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല