movies news – jack and jill movie review
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ ചിത്രം ജാക്ക് എന്‍ ജില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ പ്രമേയ പരിസരമാക്കിയെടുത്ത ചിത്രമാണ്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷമിറങ്ങിയ ഒരു ടെക്‌നോളജി അടിസ്ഥാനമാക്കിയ ചിത്രമാണ് ജാക്ക് എന്‍ ജില്‍. ഭാവിയുടെ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രമേയമാക്കിയവര്‍ അത്തരം സാധ്യതകളേയും വിഷയങ്ങളേയും പ്രതിപാദിക്കുമെന്ന് തോന്നിപ്പിക്കുമെങ്കിലും ഒരു സാധാരണ കഥ അവസാനിക്കുന്ന പോലെ ചിത്രം തീരുകയാണ്. ആക്ഷേപഹാസ്യത്തിലേക്കോ, തമാശയിലേക്കോ, അതുമല്ലെങ്കില്‍ ഒരു വ്യത്യസ്തമായ കഥയോ പറയാനാകാതെ ജാക്ക് എന്‍ ജില്‍ ഉഴലുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന കുപ്പിയില്‍ പഴയ വീഞ്ഞ് ഒന്ന് കൂടെ ഇളക്കി ചേര്‍ത്തതൊഴിച്ചാല്‍ തിരക്കഥ തീര്‍ത്തും നിരാശയാണ് നല്‍കുന്നത്. ചിത്രത്തില്‍ തന്നെ ബേസില്‍ ജോസഫ്, അജു വര്‍ഗ്ഗീസ് എന്നിവരുടെ കഥാപാത്രങ്ങള്‍ ഒരുവേള… ‘ഫേസ് വണ്ണോ, ടുവോ ഇനി എന്താണെന്ന് വെച്ചാല്‍ ചെയ്യൂ’ എന്ന് പറയുന്ന ഒരു ഡയലോഗുണ്ട്. ഇതേ അവസ്ഥയിലാണ് ചിത്രമൊന്ന് അവസാനിച്ചാല്‍ മതിയെന്ന് പ്രേക്ഷകനും തോന്നിപോകുന്നു. ചിത്രം കാലം തെറ്റിയിറങ്ങിയെന്ന് കൃത്യമായി ഓരോ രംഗങ്ങളിലും പ്രകടമാണ്.
ചിത്രം നിരാശയില്ലാതെ കണ്ടുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം മഞ്ജു വാര്യരുടെ പ്രകടനം തന്നെയാണ്. നൃത്തരംഗങ്ങളിലും ആക്ഷന്‍ കൊറിയോഗ്രാഫിയിലുമെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച മഞ്ജു പ്രായം വെറും നമ്പറാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഉല്ലാസ് മോഹന്റെ ആക്ഷന്‍ കൊറിയോഗ്രാഫിയും വ്യത്യസ്തമായിട്ടുണ്ട്. ഹിറ്റായ കിം കിം കിം ഗംഭീരമായിരുന്നു. മറ്റ് ഗാനങ്ങള്‍ മനോഹരമായിരുന്നുവെങ്കിലും ദൃശ്യങ്ങള്‍ക്ക് ചിത്രത്തിലേക്ക് ഏച്ച് കെട്ടിയ പോലെ മുഴച്ച് നിന്ന് അനുഭവമായിരുന്നു നല്‍കിയത്. ജേക്‌സ് ബിജോയുടെ സംഗീതം മനോഹരമായിരുന്നു. ചിത്രസംയോജനം നിര്‍വ്വഹിച്ചത് രഞ്ജിത് ടച്ച് റിവറാണ്. കാളിദാസ് ജയറാം, നെടുമുടി വേണു തുടങ്ങീ രണ്ട് അന്യഭാഷാ നടിമാരും അവരുടെ റോളുകള്‍ മനോഹരമാക്കി.