
തമിഴ് ബിഗ് ബോസ് സീസൺ 8 ജേതാവ് മുത്തുകുമരനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹിദ അക്ദർ ആത്മഹത്യാശ്രമം നടത്തിയതായി റിപ്പോർട്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാഹിദ, ‘നിർഭാഗ്യവശാൽ ആശുപത്രിയിൽ ജീവനോടെയുണ്ട്, അതുകൊണ്ട് ആശങ്കപ്പെടേണ്ട’ എന്ന സന്ദേശമടങ്ങിയ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
താൻ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്നറിഞ്ഞിട്ടും മുത്തുകുമരൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും, പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി മാനസികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നുമാണ് വാഹിദയുടെ പ്രധാന ആരോപണം.
പ്രണയത്തകർച്ചയെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളും മുത്തുകുമരനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും വാഹിദ നേരത്തെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകൾ പിന്നീട് നീക്കം ചെയ്യുകയും പ്രൊഫൈലിലെ മറ്റ് റീലുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് മുത്തുകുമരനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധവും വിമർശനങ്ങളുമാണ് ഉയരുന്നത്.
‘‘നിർഭാഗ്യവശാൽ ആശുപത്രിയിൽ ജീവനോടെയുണ്ട്, അതുകൊണ്ട് ആശങ്കപ്പെടേണ്ട’’ എന്നായിരുന്നു വാഹിദ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. തന്റെ ഈ അവസ്ഥയ്ക്കും ആത്മഹത്യാശ്രമത്തിനും കാരണം മുത്തുകുമരനാണെന്ന് ആരോപിക്കുന്ന വിഡിയോ വാഹിദ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കുറിപ്പിൽ കടുത്ത നിരാശയും വഞ്ചിക്കപ്പെട്ടതിന്റെ വിഷമവും വാഹിദ തുറന്നെഴുതിയിരുന്നു:
“അപ്പോൾ നിങ്ങൾ എന്നെ പറ്റിക്കുകയായിരുന്നല്ലേ! എന്നെ മണ്ടിയാക്കിയതിനും, വിഡിയോകളെല്ലാം നിർത്താൻ യാചിച്ചതിനും വളരെ നന്ദി. എന്നോട് സംസാരിച്ച് എന്നെ വിശ്വസിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന ആ ധൈര്യത്തിൽ കുറച്ചെങ്കിലും എടുത്ത്, പറ്റുമെങ്കിൽ സത്യം പറയൂ, അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ.
പക്ഷേ എന്നെ ഇനി വിളിക്കരുത്, വീണ്ടും എന്നെ ഇതിലേക്ക് തള്ളിവിടുകയും ചെയ്യരുത്. നിങ്ങൾ പറഞ്ഞതെല്ലാം വെറും തമാശയായിരുന്നല്ലേ. വലിയ നന്ദി, എന്തിനാണോ ആവോ എന്നെ വീണ്ടും രക്ഷിച്ചത്… എനിക്കിനി താങ്ങാൻ പറ്റുന്നില്ല. എല്ലാം നുണയായിരുന്നു.’’–മുത്തുകുമരനൊപ്പമുള്ള സ്വകാര്യ വിഡിയോ പങ്കുവച്ച് വാഹിദ കുറിച്ചു. നിലവിൽ തന്റെ മറ്റു റീലുകളെല്ലാം ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും വാഹിദ നീക്കം ചെയ്തിട്ടുണ്ട്.
ഒരു പ്രണയത്തകർച്ചയില് നിന്ന സമയത്താണ് മുത്തുകുമരനെ പരിചയപ്പെടുന്നതെന്നും ആ ഘട്ടത്തിൽ അയാളുടെ സ്നേഹത്തിൽ അറിയാതെ വീണുപോകുകയായിരുന്നുവെന്നും വാഹിദ പറയുന്നു. താൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയാണെന്നറിഞ്ഞിട്ടും താലികെട്ടാമെന്ന് അയാൾ ഉറപ്പു നൽകി. വിവാഹം ചെയ്യുന്ന ഉറപ്പിൽ ഫിസിക്കൽ റിലേഷനിലേക്കും കടന്നു. പിന്നീടാണ് ഇങ്ങനെയൊരു ബന്ധത്തിന് താൽപര്യമില്ലെന്ന് മുത്തുകുമരൻ പറയുന്നത്. മാനസികമായും ലൈംഗിമായും ചൂഷണം ചെയ്ത് മുത്തുകുമരൻ തന്നെ ചതിച്ചെന്നാണ് വാഹിദയുടെ ആരോപണം.