അയണ്‍ ലേഡിയാകാന്‍ നിത്യ മേനോന്‍

തമിഴകത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം അയണ്‍ ലേഡി എന്ന പേരില്‍ സിനിമയാകുന്നു. നടി നിത്യ മേനോന്‍ ജയലളിതയുടെ വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പേര് അണിയറക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രിയദര്‍ശിനിയാണ് അയണ്‍ ലേഡി സംവിധാനം ചെയ്യുന്നത്. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായിക വെളിപ്പെടുത്തി.

അഭിനേതാവ് എന്ന നിലയില്‍ ജയലളിതയുടെ ജീവിതത്തേക്കാള്‍ അവരുടെ സംഘര്‍ഷഭരിതമായ രാഷ്ട്രീയജീവിതമാണ് സിനിമയുടെ പ്രമേയം. 2002-2006 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ എടുത്ത നടപടികളുടെ പേരിലാണ് ജയലളിതയ്ക്ക് ഉരുക്കുവനിത എന്ന വിളിപ്പേര് വീണത്. തെന്നിന്ത്യന്‍ സംവിധായകന്‍ എ.ആര്‍ മുരുകദോസ് സിനിമയുടെ ടൈറ്റില്‍ ലോഗോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തമിഴകത്തിന്റെ ഉരുക്കുവനിതയാകുന്നതിനെക്കുറിച്ച് നിത്യ മേനോന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മറ്റൊരു സിനിമ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. വിബ്രി മീഡിയ എന്ന നിര്‍മാണക്കമ്പനി നിര്‍മിക്കുന്ന സിനിമയില്‍ വിദ്യ ബാലന്‍ ജയലളിതയുടെ വേഷം ചെയ്യുമെന്നും പ്രമുഖ സംവിധായകന്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുമെന്നുമായിരുന്നു പ്രഖ്യാപനം. ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയവും ഉള്‍പ്പെടുന്നതായിരുന്നു സിനിമയുടെ പ്രമേയം.

കെ.പി കുമാരന്റെ മോഹന്‍ലാല്‍ ചിത്രം ആകാശഗോപുരത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നിത്യ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. തെലുങ്കില്‍ വന്‍ ബോക്‌സ്ഓഫീസ് വിജയവും നിത്യ നേടി.