
സ്വന്തം ജീവിത നിലപാടുകളിൽ വളരെയധികം വ്യക്തതയുള്ള വ്യക്തിയാണ് നടൻ വിഷ്ണു ഗോവിന്ദൻ. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വിവാഹത്തിലൂടെ താൻ തുറന്നു കാണിക്കാനാഗ്രഹിച്ച രാഷ്ട്രീയത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം. ‘കല്യാണത്തിന് താലി പോലും വേണ്ടെന്ന് തീരുമാനിച്ച വ്യക്തിയാണ് താനെന്നും, ഭാര്യയെ പാർട്ണർ എന്നാണ് ആളുകൾക്ക് പരിചയപെടുത്താറെന്നും വിഷ്ണു ഗോവിന്ദൻ പറഞ്ഞു. കൂടാതെ നമ്മുടെ ജീവിതം എങ്ങനെ ജീവിക്കുന്നു അതാണ് നമ്മുടെ രാഷ്ട്രീയമെന്നും, രാഷ്ട്രീയമില്ല എന്ന് പറയുന്നത് ആ വാക്കിനെ കുറിച്ച് അറിയാത്തത് കൊണ്ടാണെന്നും വിഷ്ണു ഗോവിന്ദൻ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“കല്യാണമേ വേണ്ട എന്ന് ചിന്തിച്ച രണ്ടു വ്യക്തികളായിരുന്നു ഞങ്ങൾ. ആദ്യം സൗഹൃദവും, പിന്നീട് പ്രണയവുമായി. എന്റെ ചിന്തകളോടും കാഴ്ചപ്പാടുകളോടും ചേർന്ന് നിൽക്കുന്ന ഒരാളായതിനാൽ പെട്ടന്നൊരു ദിവസം രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു കല്യാണം. ആഡംബരങ്ങളൊന്നും ഉണ്ടായിരുന്നില്ല. താലി പോലും വേണ്ട എന്നു തീരുമാനിച്ച വ്യക്തികളായിരുന്നു ഞങ്ങൾ. കല്യാണം തീർത്തും വ്യക്തിപരമായ സന്തോഷമാണെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. ആഡംബരത്തിന് ഉപയോഗിക്കുന്ന കാശെടുത്ത് വേൾഡ് ട്രിപ്പടിക്കണമെന്നായിരുന്നു ഞങ്ങൾക്ക്. ഞാൻ ഭാര്യക്ക് പകരം പാർട്ണർ എന്നാണ് ഭാര്യയയെ ആളുകൾക്ക് പരിചയപ്പെടുത്താറ്. അതാണ് ശരിയെന്നാണ് ഞാൻ കരുതുന്നതും. കല്യാണത്തിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ ഒരു പേർസണൽ പൊളിറ്റിക്സ് തുറന്നു കാണിക്കണമെന്നുണ്ടായിരുന്നു. അത് കൊണ്ടാണ് അങ്ങനെ ഒരു നിലപാടെടുത്തത്. കല്യാണമായാലും, ഒരുമിച്ച് ജീവിക്കുന്നതിലും, ഇനി വേർപിരിയുന്നതിൽ പോലും സമൂഹത്തിന്റെ ഇടപെടൽ ആവശ്യമില്ല”. വിഷ്ണു ഗോവിന്ദൻ പറഞ്ഞു.
“നമ്മുടെ ജീവിതം എങ്ങനെ ജീവിക്കുന്നു അതാണ് നമ്മുടെ പൊളിറ്റിക്സ്. അല്ലാതെ ഏത് രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിട്ടല്ല. ആളുകൾക്ക് പലപ്പോഴും പൊളിറ്റിക്സ് എന്ന വാക്കിനോട് ഒരു കൺഫ്യൂഷനുണ്ട്. പുരോഗമനമായി ചിന്തിക്കണോ, അതല്ലെങ്കിൽ നമ്മുടെ വാല്യൂസിന് പ്രധാനം കൊടുത്ത് ജീവിക്കണോ എന്നൊക്കെ നോക്കിയിട്ടാണ് അത് നില നിൽക്കുന്നത്. ഏറ്റവും പ്രധാനമായി നമുക്കൊരു സ്റ്റാൻഡ് ഉണ്ടാകണം എന്നതാണ്. ഇപ്പഴത്തെ ജനറേഷനോട് പൊളിറ്റിക്സിനെ പറ്റി ചോദിച്ചാൽ പൊളിറ്റിക്സ് ഇല്ല എന്നാണ് അവര് പറയുക. അത് അവർക്ക് പൊളിറ്റിക്സ് എന്താണെന്ന് അറിയാഞ്ഞിട്ടാണ്”.
2017 -ൽ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ സിനിമയിലേക്ക് കടന്നു വരുന്നത്. ആ വർഷം തന്നെ അനൂപ് വി യോടൊപ്പം ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സംവിധായകനുമായി. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. വില്ലൻ, വിമാനം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റർ & മിസ്സിസ് റൗഡി, പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്.