ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

27-ാമത് ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് പിയാനിസ്റ്റായ ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയായിരിക്കും.

ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംവിധായകന്‍ മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കും. ഉദ്ഘാടന ചടങ്ങിന് ശേഷം വൈകുന്നേരം 5 മണിക്ക് പുര്‍ബയാന്‍ ചാറ്റര്‍ജിയുടെ സിത്താര്‍ കച്ചേരി നടക്കും. പതിനഞ്ചാം വയസ്സില്‍ മികച്ച ഉപകരണ സംഗീതജ്ഞനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ പുര്‍ബയാന്‍ ചാറ്റര്‍ജി വിവിധ രാജ്യങ്ങളില്‍ സിത്താര്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കച്ചേരിക്ക് ശേഷം ടോറി ആന്റ് ലോകിത എന്ന ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ മേയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75-ാമത് വാര്‍ഷിക അവാര്‍ഡ് നേടുകയും ചെയ്ത ഈ ചിത്രം ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയത്തിലെ തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്.