
നടനും തന്റെ അടുത്ത സുഹൃത്തുമായ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഓർമകൾ പങ്കുവെച്ച് നടൻ ഇന്ദ്രൻസ്. കഴിഞ്ഞ കോൺഗ്രസ് വിജയത്തിൽ സലിം കുമാർ ഏതെങ്കിലും ഒരു നേതൃസ്ഥാനത്തേക്ക് വരുമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. തന്റെ പുതിയ സിനിമയായ ‘ചിന്ന ചിന്ന ആസൈ’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ദ്രൻസ് മനസ്സുതുറന്നത്.
അന്തരിച്ച പ്രിയ സുഹൃത്തിന്റെ ഓർമകൾക്ക് മുന്നിൽ ഇന്ദ്രൻസ് വികാരാധീനനായി. സലിം കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അതിലൂടെ അദ്ദേഹം കൈവരിക്കേണ്ടിയിരുന്ന പദവികളെക്കുറിച്ചുമുള്ള വലിയ പ്രതീക്ഷകളാണ് തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. സിനിമയ്ക്കപ്പുറം ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ.
“കോമഡി ആണെങ്കിൽ അത് എത്രത്തോളും കോമഡി ആക്കാമെന്ന് ഒരു പഠിത്തമുണ്ട് സലിം കുമാറിന്. അത് കോമഡിയെങ്കിൽ കോമഡി തന്നെ. അത് ഏതറ്റം വരെ കൊണ്ടുപോകാൻ പറ്റും എന്നാണ് നോക്കുന്നത്. സീരിയസും അതുപോലെ തന്നെയാണ്. ആളുകളുടെ അടുത്ത് അദ്ദേഹം ഒരുപാട് കഥ പറയും. അനുഭവങ്ങളൊക്കെ ഒരു കഥ പോലെ പറയും. അധികമാരും വായിക്കാത്ത മാസികകളൊക്കെ സലിം വായിക്കും. വായിച്ചിട്ട് എന്നോട് കഥ വിളിച്ച് പറയും. ചിലപ്പോൾ നമ്മളത് ഒരുമിച്ച് കണ്ടതായിരിക്കും. അങ്ങനെ സിനിമ വിട്ട് കുറച്ചു കൂടുതൽ കാര്യങ്ങൾ നമ്മൾ തമ്മിൽ സംസാരിക്കുമായിരുന്നു കാണുമ്പോഴൊക്കെ. അങ്ങനെ ഞങ്ങൾ തമ്മിൽ വേറൊരു ഇഷ്ടവും സ്നേഹവും പരസ്പരം ഉണ്ടായിരുന്നു.” ഇന്ദ്രൻസ് പറഞ്ഞു.
“നമ്മുടെ വീട്ടിലും അത്ര സ്വാതന്ത്ര്യമുള്ള ഒരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന് സുഖമില്ലാതെ വന്നപ്പോഴൊക്കെ ഒരുപാട് ആധി തോന്നി. കാരണം ആള് നല്ല ചെറുപ്പമാണ്. അദ്ദേഹത്തിന്റെ നിലപാടും രാഷ്ട്രീയവുമൊക്കെ തുറന്നുപറയുന്ന ആളാണ്. ഒന്നും ഒളിച്ചുവയ്ക്കില്ല. സംസാരിക്കുന്ന ആ ഒച്ച മനസിലുണ്ട്. എല്ലാ തീരുമാനങ്ങൾക്കുമുണ്ട്. ഞാൻ നല്ല പ്രതീക്ഷയിലായിരുന്നു. ആഗ്രഹിച്ചതുപോലെ ആളുടെ പാർട്ടി അധികാരത്തിൽ വന്നു. തീർച്ചയായും അദ്ദേഹം കഴിവുള്ള ഒരാളാണ്. അദ്ദേഹം ഏതെങ്കിലുമൊരു നേതൃസ്ഥാനത്തേക്ക് വരും. അപ്പോൾ ആള് കുറച്ച് ഉഷാർ ആകും. സലിം കുമാർ പഴയ സലിം കുമാർ ആകുമെന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു”. ഇന്ദ്രൻസ് കൂട്ടിചേർത്തു
ജൂൺ 19 നാണ് ചിന്ന ചിന്ന ആസൈ തിയറ്ററുകളിലെത്തുന്നത്. മധുബാലയാണ് ചിത്രത്തിൽ ഇന്ദ്രൻസിന്റെ നായികയായെത്തുന്നത്. നവാഗതയായ വർഷ വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു നടൻ സലിം കുമാറിന്റെ അന്ത്യം.