നാലാം ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് ഡിസംബര്‍ ഒന്നിന് തുടക്കമാവും

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ നാലാം പതിപ്പിന് ഡിസംബര്‍ ഒന്നിന് ഹൈദരാബാദില്‍ തുടക്കമാകും. 5 ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ണിവലിന് ഇക്കുറി വേദിയാകുന്നത്
ഹൈദരാബാദ് ഹൈടെക്സ് കണ്‍വെണ്‍ഷന്‍ സെന്ററാണ്.

ലോക സിനിമയെ വേറിട്ട ദൃശ്യാനുഭവങ്ങളിലൂടെ അറിയുക
എന്നതിനു പുറമെ സിനിമ വ്യവസായം, യുവകലാപ്രതിഭകള്‍ക്കുള്ള ടാലന്റ് ഹണ്ട്, ഫാഷന്‍ ഷോകള്‍, നിക്ഷേപക സംഗമം, സിനിമാ ശില്‍പശാലകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഇന്‍ഡിവുഡ് അക്കാദമി പുരസ്‌കാരങ്ങള്‍, പ്രവാസി രത്‌ന പുരസ്‌കാരം, ഗോള്‍ഡന്‍ ഫ്രെയിം പുരസ്‌കാരം, സാംസ്‌കാരിക പരിപാടികള്‍, തുടങ്ങിയവയും ഇന്‍ഡിവുഡ് കാര്‍ണിവലിന്റെ ഭാഗമായി നടക്കുന്നു.

രണ്ടായിരത്തിലധികം ഡെലഗേറ്റുകള്‍ക്കു പുറമേ, വിവിധരാഷ്ട്രങ്ങളില്‍ നിന്നുള്ള 100ലധികം പ്രതിനിധികളും, 500 ലധികം നിക്ഷേപകരും 300ഓളം പ്രദര്‍ശകരും, 2500 പ്രതിഭകളും, ഉള്‍പ്പടെയുള്ളവര്‍ കാര്‍ണിവലിന്റെ ഭാഗമാകുമെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറും, സിനിമാ സംവിധായകനും, നിര്‍മ്മാതാവമായ സോഹന്‍ റോയ് അറിയിച്ചു. ഇന്ത്യന്‍സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫിലിം കാര്‍ണിവലില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഒരു കുടക്കീഴില്‍ അണി നിരത്തും എന്നും അദ്ദേഹം അറിയിച്ചു.

കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായ ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള(അലിഫ്)യില്‍ 50 രാഷ്ട്രങ്ങളില്‍ നിന്നുള്ള 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവസേന 16ഓളം ചിത്രങ്ങള്‍ പി.വി.ആര്‍ ഇന്റോബിറ്റ് മാളിലെ വിവിധ സ്‌ക്രീനുകളിലൂടെ ദൃശ്യ -ശ്രാവ്യ മികവില്‍ പ്രതിനിധികള്‍ക്ക് ആസ്വദിക്കാനാകും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു കൂട്ടം ഷോര്‍ട്ട് ഫിലിമുകളും, ഡോക്യുമെന്ററികളും, ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടികയിലുള്‍പ്പെട്ട ചിത്രങ്ങളുമുള്‍പ്പടെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കെയ്റോസ്റ്റമിയ്ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗം ഇപ്രാവശ്യത്തെ പ്രത്യേകതയാണ്.