
ഒന്നിച്ചുളള യാത്രയുടെ ഓർമകൾക്കൊപ്പം വിഖ്യാത സംവിധായകൻ മണിരത്നത്തിന് പിറന്നാൾ ആശംസിച്ച് കമൽഹാസൻ. ഇന്ത്യൻ സിനിമയുടെ വിഖ്യാത സംവിധായകൻ മണിരത്നത്തിന് ഇന്ന് 69-ാം പിറന്നാളാണ്. നായകൻ മുതൽ ഇപ്പോൾ തഗ് ലൈഫ് വരെ, ഒന്നിച്ചുളള യാത്രയുടെ ഓർമകൾക്കൊപ്പമാണ് കമൽ മണിരത്നത്തിന് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.
‘നായകൻ മുതൽ തഗ് ലൈഫ് വരെ… സഹപ്രവർത്തകരായി, കുടുംബമായി, ഒന്നിച്ച് സ്വപ്നം കണ്ട്, എല്ലാറ്റിനുമുപരി, സിനിമയിലെ ആജീവനാന്ത വിദ്യാർത്ഥികളായി നമ്മൾ ഒരുമിച്ച് സഞ്ചരിച്ചു. ഓരോ അധ്യായത്തിലും നിങ്ങളുടെ സാന്നിധ്യം എനിക്ക് ശക്തിയുടെ ഉറവിടമായിരുന്നു. നിങ്ങളുടെ കഥകൾ ഇനിയും വളർന്നുകൊണ്ടേയിരിക്കട്ടെ, കാരണം ഓരോ ഫ്രെയിമിലും നിങ്ങളുടെ ദർശനം സിനിമയ്ക്ക് ആഴവും സൗന്ദര്യവും അർത്ഥവും നൽകുന്നു. എന്നെന്നും നിങ്ങളുടെ സുഹൃത്ത്,’ എന്ന് കമൽഹാസൻ കുറിച്ചു.
അതേസമയം 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 255 ൽ കൂടുതൽ സ്‌ക്രീനുകളിൽ സിനിമ എത്തുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ സ്‌ക്രീനുകളിലായാണ് യുകെയിലും അയര്‍ലന്‍ഡിലും സിനിമ എത്തുന്നത്.