ഇന്ത്യ-പാക് സംഘര്‍ഷം, സിനിമകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള തിരക്കില്‍ നിര്‍മ്മാതാക്കള്‍

ഇന്ത്യയും പാകിസ്ഥാനും വീണ്ടും യുദ്ധസമാനമായ അവസ്ഥിലൂടെ കടന്ന് പോകുമ്പോള്‍ സൈനിക സിനിമകളുടെ പേര് ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണം, ഇന്ത്യ നല്‍കിയ തിരിച്ചടി, അഭിനന്ദന്‍ വര്‍ദ്ധമാന്റെ കസ്റ്റഡി തുടങ്ങിയ വിഷയങ്ങള്‍ ഇതിവൃത്തമാക്കി സിനിമകള്‍ എടുക്കാനുള്ള നീക്കങ്ങളാണ് ബോളിവുഡില്‍ നടക്കുന്നത്. ഇതിനായി നേരത്തെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മത്സരമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ഹാഫിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.സംഘര്‍ഷ ദിനങ്ങളില്‍ പ്രൊഡ്യൂസര്‍മാര്‍ സിനിമകളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓഫീസിലെത്തിയെന്നും ‘ബാലാക്കോട്ട്’, സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0 തുടങ്ങിയ പേരുകള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രം വന്‍ വിജയമായതിന് പിന്നാലെ ഇന്ത്യാ-പാക് സംഘര്‍ഷത്തെ കുറിച്ച് പറയുന്ന സിനിമകള്‍ക്ക് ആളുകള്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.