ആന്റണി പെരുമ്പാവൂര്‍ അടക്കം മൂന്ന് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ്

മലയാള സിനിമ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍ , ആന്റോ ജോസഫ് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ പരിശോധന നടത്തുന്നത്. ഇവര്‍ നിര്‍മ്മിച്ച വിവിധ ചിത്രങ്ങള്‍ ഒ.ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുവെന്നാണ് സൂചന.

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോജോസഫിന്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിക്കുന്നത്. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നിര്‍മ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന സൂചന.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സമീപകാലത്ത് മലയാള സിനിമകളൊന്നും തന്നെ തീയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ നിരവധി സിനിമകള്‍ ഒടിടി ആയി റിലീസ് നടത്തിയിരുന്നു. ഒടിടി റിലീസ് കൂടാതെ, സാറ്റലൈറ്റ് റൈറ്റിലൂടേയും മ്യൂസിക് റൈറ്റ്‌സിലൂടേയും നിര്‍മ്മാതാക്കള്‍ വരുമാനം നേടുന്നുണ്ട്. ഇങ്ങനെ പല രീതിയില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നല്‍കുന്നുണ്ട്. റെയ്ഡ് പൂര്‍ണമായും നിര്‍മ്മാതാക്കളുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല.

മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.