പൃഥ്വിരാജ്,ദുൽഖർ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണകമ്പനികളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന

നടന്‍മാരും നിര്‍മാതാക്കളുമായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന. ആദായ നികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗമാണ് പരിശോധന നടത്തുന്നത്.

പൃഥ്വിരാജിന്റെ ‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിംസ് എന്നിവയുടെ ഓഫീസുകളിലാണ് പരിശോധന.കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ പരിശോധനയെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് സമാന പരിശോധന നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും രേഖകളിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്നാണ് അന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രേഖകളുമായി നേരിട്ട് ഹാജരാകാന്‍ മൂവരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ് പിടിക്കുമെങ്കിലും നിര്‍മാതാക്കള്‍ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. താരങ്ങളുടെ പ്രതിഫലം പലരും വിതരണാവകാശക്കരാറായി കാണിക്കുന്നുണ്ട്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.

ദുല്‍ഖര്‍ നായകനായെത്തിയ കുറുപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പിന്റെ സംവിധാനകന്‍ .സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങിയത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചത്.സുഷിന്‍ ശ്യാം സംഗീതവും പഞ്ചാത്തല സംഗീതവും പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.