മുൻ ചിത്രങ്ങളിൽ പലതിലും ഷൂട്ട് തുടങ്ങുന്നതിന് മുൻപേ റിലീസ് തീയതി തീരുമാനിച്ചിരുന്നു, അത് എനിക്ക് വലിയ സമ്മർദ്ദമാണ് നൽകിയത്; ലോകേഷ് കനകരാജ്

','

' ); } ?>

റിലീസ് തീയതിയുടെ സമ്മർദങ്ങളില്ലാതെ പൂർത്തിയാക്കിയ സിനിമയാണ് കൂലി എന്ന് സംവിധായകൻ ലോകേഷ് കനകരാജ്. മുൻ ചിത്രങ്ങളിൽ പലതിലും ഷൂട്ട് തുടങ്ങുന്നതിന് മുൻപേ റിലീസ് തീയതി തീരുമാനിച്ചിരുന്നെന്നും ഇത് തനിക്ക് വലിയ സമ്മർദം നൽകിയിരുന്നെന്നും ലോകേഷ് പറഞ്ഞു. അത് കൊണ്ട് തന്നെ ലിയുടെ നിർമാതാക്കളോട് ആദ്യമേ തന്നെ റിലീസ് തീയതി പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തമിഴിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

രജനികാന്ത് നായകനായി എത്തുന്ന ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടും ആദ്യ എഡിറ്റും പൂർത്തിയാക്കിയ ശേഷമാണ് റിലീസ് തീയതി തീരുമാനിച്ചതെന്നാണ് ലോകേഷ് കനകരാജ് പറയുന്നത്. ‘ഒരു സമ്മർദവും ഇല്ലാത്ത ചെയ്തു തീർത്ത സിനിമയാണ് കൂലി. ഒരു വർഷം കടന്നുപോയത് അറിഞ്ഞില്ല എന്ന് തന്നെ പറയാം. മുൻ സിനിമകളിലെല്ലാം റിലീസ് ഡേറ്റ് തീരുമാനിച്ച ശേഷമാണ് ഷൂട്ട് പോലും തുടങ്ങിയിരുന്നത്. മറ്റ് നിർമാണ കമ്പനികളെ കുറച്ച് കാണിക്കാൻ വേണ്ടി പറയുന്നതല്ല. പക്ഷെ മുൻ സിനിമകളിൽ സമ്മർദമുണ്ടായിരുന്നു.

മുൻ സിനിമകൾക്ക് ശേഷം ഞാൻ ഒരു തീരുമാനം എടുത്തിരുന്നു. അടുത്ത സിനിമകളിൽ ഈ റിലീസ് തീയതി പ്രെഷർ എനിക്കെടുക്കാൻ കഴിയില്ലെന്ന് പറയുമെന്നായിരുന്നു ആ തീരുമാനം. സിനിമയുടെ വർക്കുകൾ പൂർത്തിയായ ശേഷം ഞാൻ റിലീസ് തീയതി പറയാമെന്ന് കൂലിയുടെ നിര്‍മാതാക്കളോട് ഞാന്‍ പറഞ്ഞു. ഷൂട്ട് പൂർത്തിയാക്കി എഡിറ്റ് തീർത്ത് ഡബ്ബിങ്ങിന് മുൻപ് ഒരു ഔട്ട് കണ്ടതിന് ശേഷമാണ് ഞാൻ റിലീസ് ഓഗസ്റ്റ് 14ന് വെക്കാമെന്ന് അവരോട് പറഞ്ഞത്. എന്റെ വാക്കുകൾ കേട്ടതിൽ അവരോട് ഒരുപാട് നന്ദിയുണ്ട്.

സിനിമയ്ക്കും അതാണ് നല്ലത്. ഒരു തീയതിയിൽ പുറത്തിറക്കാനായി പെട്ടെന്ന് വർക്കുകൾ തീർക്കാതെ സിനിമയ്ക്ക് ആവശ്യമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതാണല്ലോ നല്ലത്. ഇത് എന്റർടെയ്ൻമെന്റ് ബിസിനസാണ്. എന്നാലും നമ്മൾ ചെയ്യുന്ന സിനിമ എക്കാലവും അവിടെ നിലനിൽക്കും. അതുകൊണ്ട് പരമാവധി തെറ്റുകൾ കുറച്ചുകൊണ്ട് ചെയ്യാൻ ശ്രമിക്കണം എന്നാണ് എന്റെ നിലപാട്,’ ലോകേഷ് കനകരാജ് പറഞ്ഞു.

മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. കൂലിയുടെ പുതിയ ഗ്ലിംപ്‌സ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കൂലി തിയേറ്ററുകളിലെത്താന്‍ നൂറ് ദിവസം മാത്രം ബാക്കിനില്‍ക്കെ എത്തിയ വീഡിയോയില്‍ രജനികാന്ത്, സൗബിന്‍, ഉപേന്ദ്ര, സത്യരാജ്, നാഗാര്‍ജുന എന്നിവരായിരുന്നു കടന്നുവന്നത്. വമ്പന്‍ സ്വീകരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.