സംഗീതവര്‍ഷം തീര്‍ത്ത് ലേഡി ഗാഗയും അരിയാന ഗ്രാന്‍ഡെയും


കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയപ്പോള്‍ ആശ്വാസമാകുന്നത് താരങ്ങളുടെ സോഷ്യല്‍മീഡിയ ഇടപെടലുകളാണ്. സംഗീത ആല്‍ബത്തിലൂടെ പുത്തനുണര്‍വ് പകരുകയാണ് ലേഡി ഗാഗയും അരിയാന ഗ്രാന്‍ഡെയും. ഇവര്‍ രണ്ടുപേരും ഒത്തുചേര്‍ന്ന ‘റെയിന്‍ ഓണ്‍ മി’ എന്ന ഗാനം സംഗീതപ്രേമികളെ സ്വയം മറന്നു നൃത്തം ചെയ്യിക്കും. ദുഖത്തിലെങ്കിലും നാം ജീവിച്ചിരിക്കുന്നു…നമുക്ക് അതാഘോഷിക്കാം എന്ന് അര്‍ത്ഥം വരുന്ന ഗാനം ജവിതത്തെ ആസ്വദിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. ലേഡി ഗാഗക്കും അരിയാന ഗ്രാന്‍ഡെക്കും ഒപ്പം ഒരു സംഘം ഗായകരും ആല്‍ബത്തില്‍ കോറസ് പാടാനായുണ്ട്. താന്‍ തന്റെ ആരാധകരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് കാണിക്കുന്നതിനായാണ് ഈ ആല്‍ബം ചെയ്തത് എന്നാണ് ഗാഗ പറയുന്നത്, മാത്രമല്ല ആരാധകര്‍ക്ക് അത് തന്റെ സംഗീതത്തിലൂടെ മനസ്സിലാക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ‘ഓരോരുത്തരുടെയും അടുത്തേക്ക് ചെന്ന് ആശ്വസിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല, ഇത് എനിക്ക് അവരോടുള്ള സ്‌നേഹമാണെന്നു അവര്‍ മനസ്സിലാക്കുകയും എല്ലാ വേദനയും മറന്നു നൃത്തം ചെയ്യാന്‍ അവര്‍ക്കു കഴിയുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു,’ ലേഡി ഗാഗ വ്യക്തമാക്കി. മെയ് 22ന് റിലീസ് ചെയ്ത ആല്‍ബം ഇതിനോടകം തന്നെ നിരവധിപേര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.

ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘സ്റ്റുപ്പിഡ് ലവ്’ എന്ന ആല്‍ബത്തിലൂടെയാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോപ്പിലേക്കുള്ള തിരിച്ചുവരവ് ഗാഗ നടത്തിയത്. അതിനു ശേഷമുള്ള ഗാനമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ‘റെയിന്‍ ഓണ്‍ മി’. ഗാഗയുടെ തിരിച്ചുവരവിന് ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. മെയ് 29 ന് ലേഡി ഗാഗയുടെ ‘ക്രോമാറ്റിക്ക’ എന്ന ആല്‍ബം റിലീസ് ചെയ്യാനിരിക്കുകയാണ്. ആല്‍ബത്തില്‍ ഗ്രാന്‍ഡെയെ കൂടാതെ എല്‍ട്ടണ്‍ ജോണ്‍, ബ്ലാക്ക്പിങ്ക് എന്നിവരുമുണ്ടാകുമെന്നു ഗാഗ വെളിപ്പെടുത്തിക്കഴിഞ്ഞു.