
ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിന്റെ ഏഴാമത്തെ ചാപ്റ്ററായ ‘ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലെഡ്ലൈൻസ്’ മെയ് 16ന് തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്. എന്നാൽ ഇന്ത്യയിലെ ഐമാക്സ് റിലീസിന് വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്. ടോം ക്രൂസിന്റെ ‘മിഷൻ ഇമ്പോസിബിൾ: ദി ഫൈനൽ റെക്കണിംഗ്’ ഇന്ത്യയിൽ മെയ് 17ന് റിലീസ് ചെയ്യാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലെഡ്ലൈൻസിന് ലഭിക്കേണ്ട ഐമാക്സ് സ്ക്രീനുകൾ നഷ്ടമാകാൻ സാധ്യതയുണ്ട്.
മെയ് 23 നാണ് മിഷൻ ഇമ്പോസിബിൾ ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുന്നത്. എന്നാൽ സിനിമയുടെ നിർമാതാക്കളായ പാരാമൗണ്ട് പിക്ചേഴ്സ് ഇന്ത്യയിൽ മെയ് 17 ന് ചിത്രമെത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകൾ എല്ലാം നിലവിൽ മിഷൻ ഇമ്പോസിബിൾ ചാർട്ട് ചെയ്തിരിക്കുന്നതിനാൽ ഫൈനൽ ഡെസ്റ്റിനേഷന്‍ ഷോകൾ ലഭിക്കുക കുറവായിരിക്കും. ഈ പ്രശ്നത്തിന് പരിഹാരമായി, മെയ് 15ന് തന്നെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് നിർമാതാക്കൾ. ഒരു കുടുംബത്തെ വേട്ടയാടുന്ന മരണവും അതിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സാക്ക് ലിപോവ്സ്കിയും ആദം സ്റ്റെയിനും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഗയ് ബുസിക്കിന്റെയും ലോറി ഇവാൻസ് ടെയ്ലറിന്റെയും തിരക്കഥയിൽ ആധാരിതമാണ്. കെയ്റ്റ്ലിൻ സാന്താ ജുവാന, ടിയോ ബ്രിയോൺസ്, റിച്ചാർഡ് ഹാർമോൺ, ഓവൻ പാട്രിക് ജോയിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.