ഒരു നീണ്ട ഇടവേളക്ക് ശേഷം മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മാധവ് രാംദാസ് ഒരുക്കിയ ഇളയരാജ മലയാളത്തില്‍ ഏറെ കാലത്തിനിടയില്‍ പുറത്തിറങ്ങിയ ഒരു ഹൃദയഹാരിയായ ചിത്രമാണ്. ഇന്ത്യ പോലുള്ള ദരിധ്ര രാജ്യങ്ങളില്‍ എപ്പോഴും സമൂഹത്തിലെ അസമത്വങ്ങളാല്‍ അവകാശങ്ങളും അവസരങ്ങളും നഷ്ടപ്പെടുന്ന ഒരു ജനതയെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്കുവേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് മാധവ് സംവിധാനത്തില്‍ ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തിയ ഇളയരാജ എന്ന ചിത്രം.
കൃത്യമായ സെറ്റുകള്‍, കൃത്യമായ കാസ്റ്റിങ്ങ്, വ്യത്യസ്തമായ കഥാനുഭവം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇളയരാജ എന്ന ചിത്രത്തിന്റെ വിജയക്കൂട്ടിന് പിന്നില്‍. പക്ഷെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന മാനുഷികത തന്നെയാണ് ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തില്‍ അലിയിപ്പിക്കുന്നതെന്ന് പിന്നീട് മനസ്സിലാവും. മലയാളസിനിമയിലെ ചെറിയ വലിയ താരമായ ഗിന്നസ് പക്രുവിന്റെ സാന്നിധ്യം പ്രേക്ഷര്‍ക്ക് ഒരു മധുരമായ അനുഭവത്തിലൂടെ തിരിച്ചുനല്‍കിയിരിക്കുകയാണ് സംവിധായകന്‍ മാധവ് രാംദാസ്.
പ്രേക്ഷകരോട് ഏറെ അടുത്തുനില്‍ക്കുന്ന ചിത്രമാക്കി ഇളയരാജയെ മാറ്റിയത് അതിന്റെ സ്വാഭാവികതയും സാധാരണത്വവും തന്നെയാണ്. ജയസൂര്യുടെ കപ്പലണ്ടി എന്ന നൈര്‍മിഷികമായ ഗാനത്തോടെയാണ് ഇളയരാജ ആരംഭിക്കുന്നത്.. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും കൊച്ചു കൊച്ചു സന്തോഷങ്ങളുമായി മുന്നോട്ട് പോകുന്ന കടലവില്‍പ്പനക്കാരനായ വനജകുമാറിന്റെ കഥയാണ് ചിത്രം പറയുന്നത്. പിന്നീട് സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളില്‍പെട്ട് തന്റെ പ്രതിഭാശാലികളായ മക്കള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയാതെ പോവുന്ന വനജകുമാറിനെ അടയാളപ്പെടുത്തി ചിത്രം സമൂഹത്തിലെ പല അസമത്വങ്ങളെയും ചോദ്യം ചെയ്യുകയാണ്.
ഏറെ അനുയോജ്യമായ ഒരു കാസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന വിജയം. ചിത്രം കണ്ടിറങ്ങുമ്പോള്‍ പല കഥാപാത്രങ്ങളും മനസ്സില്‍ തെളിയുമെങ്കിലും കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് ബാലതാരങ്ങളായ അദിത്, ആര്‍ദ്ര എന്നിവര്‍ തന്നെയാണ്. ഒപ്പം ഒരു വ്യത്യസ്ത കഥാപാത്രമായെത്തിയ ഹരിശ്രീ അശോകനും കേന്ദ്ര കഥാപാത്രമായെത്തിയ പക്രുവും അര്‍ഹമായ പ്രകടനം തന്നെ കാഴ്ച്ചവെച്ചു. അതിഥി വേഷത്തിലെത്തിയ ഗോകുല്‍ സുരേഷിന്റെ നല്ലൊരു കഥാപാത്രത്തെയും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
തൃശ്ശൂറിലെ വടക്കും നാഥന്‍ ക്ഷേത്രമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അത് അര്‍ഹമായ ഒരു പശ്ചാത്തലം ചിത്രത്തിന ഒരുക്കിയിട്ടുണ്ട്. ആഡംബരങ്ങളൊന്നുമില്ലാതെ പാകമായ സെറ്റും സജീകരണങ്ങളും ചിത്രത്തിന് അതിന്റെ സ്വാഭാവിത നിലനിര്‍ത്താന്‍ സഹായിച്ചു.
പാപ്പിനു എന്ന ഛായാഗ്രഹകന്റെ അനുയോജ്യമായ ദൃശ്യങ്ങളും രതീഷ് വേഗയുടെ മനോഹരമായ സംഗീതവും ചിത്രത്തിന്റെ രുചി കഥയിലുടനീളം നിലനിര്‍ത്തി. കഥയുടെ മധ്യഭാഗത്ത് സുരേഷ് ഗോപിയുടെ ആലാപനത്തിലൊരുങ്ങിയ ചെറു ചെറു ചതുരങ്ങള്‍ എന്ന ഗാനവും ശക്തമായ ഇടപെടല്‍ നടത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവരവരുടെ യഥാര്‍ത്ഥ വേഷങ്ങളിലെത്തിച്ച റോഷന്‍ ജിയുടെ മെയ്ക്കപ്പും എസ് ബി സതീഷിന്റെ വസ്ത്രാലങ്കാരവും പ്രശംസ അര്‍ഹിക്കുന്നു.
ജീവിതത്തിലെയും സമൂഹത്തിലെയും അനീതികളിലൂടെ സമൂഹത്തില്‍ ശബ്ദം നഷ്ടപ്പെട്ടവര്‍ക്ക് ഒരടയാളവും പ്രചോദനവുമായി ഇളയരാജ എന്ന ചിത്രം മാറുന്നത് അതിലെ ശക്തമായ കഥാപാത്രങ്ങളിലൂടെയാണ്. ആ കഥാപാത്രങ്ങള്‍ ശക്തമാവാന്‍ കാരണം അവര്‍ കുട്ടികളായതുകൊണ്ടാണ്. തീര്‍ച്ചയായും എല്ലാ പ്രേക്ഷകര്‍ക്കും ഒരു നല്ല വൈകാരിക അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ഇളയരാജ.