വിജയ്‌യുടെ ഏറ്റവും വലിയ ആരാധികയെ അറിയാം!..

ആരാധകരാല്‍ സമ്പന്നമാണ് സൂപ്പര്‍താരം ഇളയ ദളപതി വിജയ്. ലക്ഷക്കണക്കിന് വരുന്ന വിജയ്‌യുടെ ആരാധകരില്‍ ഒരാള്‍ താനാണെന്ന് പറയുകയാണ് വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖര്‍. വിജയ്ക്കായി എഴുതിയ മനോഹരമായ കത്തിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

കത്തിന്റെ പൂര്‍ണ്ണരൂപം

‘ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്. നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മ്മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്‌നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു.’

‘നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്‌നേഹമാണ് അതാണ് എല്ലായ്‌പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍ താരമായി നെഞ്ചിലേറ്റി കഴിഞ്ഞു. എം.ജി.ആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാര്‍ക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.’

എന്ന് നിന്റെ അമ്മ, ആരാധിക