2003-ലെ കേരളപ്പിറവി ദിനത്തില്‍ മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കഥയാട്ടം’ 17 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാഴ്ചക്കാരിലേക്കെത്തുകയാണ്. മലയാള നോവല്‍ സാഹിത്യത്തിലെ 10 അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. ഇന്ന് എസ് കെ പൊറ്റക്കാടിന്റെ നാടന്‍പ്രേമം എന്ന നോവലിലെ ഇക്കോരന്‍ എന്ന കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തിയത്. കഥാപാത്രത്തെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് താഴെ വായിക്കാം…
ഇക്കോരന്റെ വരവ് മുക്കം പുഴയുടെ തീരത്തെ നാട്ടുവഴിയിലൂടെയാണ്. നാടായ നാടൊക്കെ ചു?റ്റിയ എസ്.കെ. നാട്ടില്‍ നിന്നു കണ്ടെടുത്ത പ്രേമകഥയുടെ നായകനാണ് ഇക്കോരന്‍. തനി നാടനാണ് ഇക്കോരന്‍. ആരോരുമില്ലാത്തവനാണ്. ചെറിയൊരു കുടിയാനും വലിയൊരു കുടിയനും. പകല്‍ പണിയെടുക്കും. പകല്‍ മയങ്ങിയാല്‍ കുടി മൂക്കും. കുടിക്ക് പാട്ടാണ് അകമ്പടി. പാതിരാവോളം നാട്ടുവഴിയിലൂടെ കുടിച്ചുമദിച്ച് പാട്ടുപാടി അലയും.
ഒഴിവുകാലം ചെലവാക്കാന്‍ നാട്ടിലെത്തിയ രവീന്ദ്രനില്‍ നിന്ന് ഗര്‍ഭിണിയായി മാളു. അയാള്‍ മടങ്ങുകയും ചെയ്തു. ചോദ്യങ്ങളെയും നാട്ടുകാരെയും ഭയന്ന്, ആലംബമറ്റ മാളു മുക്കം പുഴയില്‍ ചാടി ജീവനൊടുക്കാന്‍ നോക്കി. പുഴയില്‍ നിന്ന് ഇക്കോരന്‍ അവളെ കോരിയെടുത്തു. അവളെ വിവാഹം ചെയ്ത് ജീവിതം തിരിച്ചു സമ്മാനിക്കുകയാണ് ഇക്കോരന്‍. ആരുമില്ലാത്ത ഇക്കോരന് അവളെല്ലാമായി. അവള്‍ക്ക് ജനിച്ച മകന്‍ അയാളുടേതുമായി. വിധി പിന്നെയും അവരെ പല രൂപത്തില്‍ വേട്ടയാടി.