കേരള രാജ്യാന്തര ചലച്ചിത്രമേള ; മത്സര വിഭാഗത്തിലേക്ക് രണ്ട് ഇന്ത്യന്‍ സിനിമകള്‍

ഇരുപത്തിമൂന്നാമത് ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തിലേക്ക് രണ്ട് ഇന്ത്യന്‍ സിനിമകള്‍. അനാമിക ഹക്‌സാറിന്റെ ‘ഗോഡെ കോ ജലേബി ഖിലാനെ ലെ ജാ റിയാ ഹൂണ്‍’, പ്രവീണ്‍ മോര്‍ഖലെ സംവിധാനം ചെയ്ത ഉറുദു ചിത്രം ‘വിടോ ഓഫ് സൈലന്‍സ്’ എന്നീ ചിത്രങ്ങളാണ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാള ചലച്ചിത്രങ്ങളായ സകരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഇ മ യൗ’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ മലയാളി സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്റെ ബഹുഭാഷ ചിത്രം ‘പെയിന്റിങ് ലൈഫ്’ പ്രദര്‍ശിപ്പിക്കും. ഇതിന് പുറമെ ബംഗാളി ചിത്രങ്ങളായ അമിതാഭാ ചാറ്റര്‍ജിയുടെ ‘ആമി ഓ മനോഹര്‍’, ബുദ്ധദേഭ് ദാസ്ഗുപ്ത ‘ഉറോജഹാജും’ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കൊണാര്‍ക്ക് മുഖര്‍ജിയുടെ ബഹുഭാഷ ചിത്രം ‘അബ്രഹാം’, ദേവശിഷ് മഖിജയുടെ ‘ഭോസ്‌ലേ’, നന്ദിത ദാസിന്റെ ‘മാന്റോ’ എന്നീ ചിത്രങ്ങളും ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. തമിഴില്‍ നിന്നും വാസന്ത് എസ് ശശിയുടെ ‘ശിവരഞ്ജിനിയും ഇന്നും സില പെങ്കളുമാണ്’ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു സിനിമ.

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോക്കസ് വിഭാഗത്തില്‍ പ്രിയ രാമസുബ്ബന്റെ ലഡാക്കി ചിത്രം ‘ചുസ്‌കിത്’, ബോബി ശര്‍മ്മയുടെ ‘മിഷിങ്’, അരൂപ് മന്നയുടെ ‘ആമൃത്യൂ’, റിമ ദാസിന്റെ ‘ബുള്‍ബുള്‍ ക്യാന്‍ സിങ്’, പാമ്പള്ളിയുടെ ‘സിഞ്ജാര്‍’, ഋതു സരിന്‍, ടെന്‍സിങ് സോനം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ടിബറ്റന്‍ ചിത്രം ‘ദി സ്വീറ്റ് റെക്കിം’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേള ഏഴു ദിവസമായി കുറച്ചാണ് ഈ വര്‍ഷം നടത്തുന്നത്. സാധരണയായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായവും ഇത്തവണ മേളയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ലഭിച്ചിട്ടില്ല. ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേള.

ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ 6 കോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.സാധാരണ ഗതിയില്‍ 150 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. അത് ഈ വര്‍ഷം 120 ആയി ചുരുങ്ങും.

രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ 9 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലായിരിക്കും.

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തീം ‘റീ ബില്‍ഡിങ്’ എന്നാണ് . ‘പ്രളയത്തിനു ശേഷം ജീവിതം തിരിച്ചുപിടിക്കുന്ന പാതയിലാണ് നമ്മള്‍. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ തീം റീ ബില്‍ഡിങ് ആണ്. ഈ വിഭാഗത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷന്‍, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളുണ്ടായിരിക്കും.