IFFK 2018 : രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടത്തുന്ന 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. 10 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിക്കും. മേളയില്‍ മത്സരവിഭാഗത്തില്‍ 2 മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി . സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ എന്നി സിനിമകളാണ് മത്സരിക്കുന്നത്.

ഡിസംബര്‍ 7 മുതല്‍ 13 വരെയായി നടക്കുന്ന 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ 150 ഓളം ചിത്രങ്ങളാകും പ്രദര്‍ശനത്തിനെത്തുക. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളില്‍ 2 മലയാള സിനിമകളാണ് ഇടം നേടിയിട്ടുള്ളതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. മേളയില്‍ ആകെ 150 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. മത്സര വിഭാഗത്തില്‍ ആകെ 96 ചിത്രങ്ങള്‍ വന്നതില്‍ നിന്നാണ് 14 എണ്ണം തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്‌ളീപ്പ് ലെസ് ലി യുവേഴ്‌സ്, അവ് മറിയ എന്നീ 12 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം എന്ന പ്രത്യേക പാക്കേജും ഉണ്ടാകും.

അക്കാദമിയുടെ 5 സെന്റര്‍ മുഖേനയാകും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍. ഒരു സെന്ററില്‍ നിന്നും 500 പാസാകും നല്‍കുക. ഇതില്‍ 200 എണ്ണം മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരിക്കും. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്.