“വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കും”; ജഗദീഷ്

','

' ); } ?>

താര സംഘടനയായ അമ്മ യുടെ തലപ്പത്തേക്ക് വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കുമെന്നറിയിച്ച് നടൻ ജഗദീഷ്. പത്രിക പിൻവലിക്കാനുളള അവസാന ദിവസത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജഗദീഷിന്റെ നിർണായകമായ നിലപാട്. മോഹൻലാലും, മമ്മൂട്ടിയോടും ജഗദീഷ് സംസാരിച്ചുവെന്നും ഇരുവരും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു നിലപാടിന് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് നടി ശ്വേത മേനോന്‍റെ സാധ്യതയേറിയിരിക്കുകയാണ്.

തെര‍ഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികളാണുള്ളത്. ജ​ഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്‍റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.

താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നും, ബാബുരാജ് മത്സരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യമുണ്ടെന്ന അനൂപ് ചന്ദ്രന്റെ ആരോപണത്തോട് യോജിപ്പുണ്ടെന്നും മല്ലിക കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടി മാലാ പാർവതിയും, അനൂപ് ചന്ദ്രനും ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്‌കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു. അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലയുടെ അഭിപ്രായം.