
ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ തന്റെ നഖങ്ങളില്‍ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി നിത്യാമേനോൻ. പുറത്തിറങ്ങാനുള്ള ധനുഷ് ചിത്രം ‘ഇഡ്ഡലി കടൈ’യ്ക്കുവേണ്ടി ചാണകമുപയോഗിച്ച് ഒരു സീൻ ചെയ്യാനുണ്ടായിരുന്നുവെന്നും
അത് ചെയ്തതിനുശേഷമാണ് ദേശീയ അവാര്‍ഡ് വാങ്ങാൻ പോയതെന്നുമായിരുന്നു നിത്യാമേനോൻ പറഞ്ഞത്. സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഇഡ്ഡലി കടൈ’ യ്ക്കുവേണ്ടി ചാണകവറളിയുണ്ടാക്കാന്‍ പഠിച്ചു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ വെറുംകൈകൊണ്ട് ചാണകവറളി ഉരുട്ടാനും പഠിച്ചു’. ‘ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോകുന്ന തലേദിവസവും ഞാന്‍ ആ സീന്‍ ചെയ്തിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോള്‍ എന്റെ നഖങ്ങളില്‍ ചാണകമുണ്ടായിരുന്നു. ചിത്രത്തില്‍നിന്ന് എനിക്ക് ഒരുപാട് വൈവിധ്യമുള്ള അനുഭവങ്ങള്‍ ലഭിച്ചു. അല്ലെങ്കില്‍ എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുമായിരുന്നില്ല’, നിത്യമേനോൻ പറഞ്ഞു.
ധനുഷ് സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ‘ഇഡ്ഡലി കടൈ’ ഓക്ടോബറില്‍ റിലീസിനൊരുങ്ങുകയാണ്. ധനുഷിനും നിത്യാ മേനോനും പുറമേ അരുണ്‍ വിജയ്, ശാലിനി പാണ്ഡേ, സത്യരാജ്, പാര്‍ഥിപന്‍, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. ‘തിരുച്ചിത്രമ്പല’ത്തിന് ശേഷം ധനുഷും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ‘ഇഡ്ഡലി കടൈ’യ്ക്കുണ്ട്. ‘തിരുച്ചിത്രമ്പല’ത്തിലെ അഭിനയത്തിനാണ് നിത്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നത്.