“ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. “നീയ്യാര് പടച്ചോനോ?; വൈകാരിക കുറിപ്പുമായി വി കെ ശ്രീരാമൻ

','

' ); } ?>

നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടൻ വി കെ ശ്രീരാമൻ. താൻ യാത്ര ചെയ്തോണ്ടിരിക്കുമ്പോൾ മമ്മൂട്ടി തന്നെ വിളിച്ച് ടെസ്റ്റ് പാസ്സായെന്ന് പറഞ്ഞെന്നും, മമ്മൂട്ടി നേരത്തെ പാസ്സാവുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നുമാണ് വി കെ ശ്രീരാമൻ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വി കെ ശ്രീരാമൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ? ” ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ ” എന്തിനാ?” അവസാനത്തെ ടെസ്റ്റും പാസ്സായട “ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. “നീയ്യാര് പടച്ചോനോ? “ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ” “എന്താ മിണ്ടാത്ത്. ?” ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. യാ ഫത്താഹ് സർവ്വ ശക്തനായ തമ്പുരാനേ കാത്തു കൊള്ളണേ!’, വി കെ ശ്രീരാമൻ കുറിച്ചു.

കുറച്ചു നാളുകളുമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റ് പൊതു പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇന്നലെ നിർമാതാവ് ആന്റോ ജോസഫ് മമ്മൂട്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ ആരാധകരും സിനിമ ലോകവും ആശ്വാസത്തിലാണ്‌. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, ആനന്ദി, നന്ദി”, എന്നാണ് ആന്റോ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.

“സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”.എന്ന് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെയാണ് ജോർജിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മോഹൻലാലടക്കമുളള താരങ്ങളും സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.