
‘ഹേര ഫേരി 3′ എന്ന സിനിമയിൽ നിന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ പിന്മാറിയതിനെതിര പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. നടന്റെ പിന്മാറ്റം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നാണ് സംവിധായകൻ പ്രതികരിച്ചത്.’എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പരേഷ് ഞങ്ങളോട് ഒന്നും പറയില്ല. സിനിമ ആരംഭിക്കുന്നതിന് മുമ്പ്, പരേഷിനോടും സുനിലിനോടും ചോദിക്കാൻ അക്ഷയ് എന്നോട് ആവശ്യപ്പെട്ടു, ഞാനും അങ്ങനെ ചെയ്തു. അവർ രണ്ടുപേരും സമ്മതം മൂളുകയും ചെയ്തു,’ എന്ന് പ്രിയദർശൻ പറഞ്ഞു.
പരേഷ് റാവൽ പിന്മാറുകയാണെന്ന വാർത്തകൾ ആരാധകരിൽ ഏറെ നിരാശയുണ്ടാക്കിയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു നടന്റെ പിന്മാറ്റം എന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പരേഷ് റാവൽ പിന്മാറിയതിന് പിന്നാലെ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാറിന്റെ നിര്മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷിനെതിരെ വക്കീൽ നോട്ട്സ് അയച്ചിരുന്നു. ഈ സംഭവത്തിലും പ്രിയദർശൻ പ്രതികരിച്ചിട്ടുണ്ട്. ‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, പക്ഷേ അക്ഷയ് പണം നിക്ഷേപിച്ചിട്ടുണ്ട്, അതുകൊണ്ടായിരിക്കാം അദ്ദേഹം ഈ നടപടി സ്വീകരിക്കുന്നത്. പരേഷ് റാവൽ ഇതുവരെ എന്നോട് സംസാരിച്ചിട്ടില്ല,’ എന്നാണ് പ്രിയദർശൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്.
ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ‘ഹേര ഫേരി’. മലയാളത്തിലെ എവർക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. 2000ത്തിലാണ് സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ൽ ഫിർ ഹേരാ ഫേരി എന്ന പേരിൽ രണ്ടാം ചിത്രവും റിലീസ് ചെയ്തു. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്.