
ഭാവിയിൽ എഐ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്. 15 വർഷം മുന്നേ കമൽ ഹാസൻ ഒടിടിയിലൂടെ സിനിമ റിലീസ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ അതിനെ പലരും കുറ്റപ്പെടുത്തിയിരുന്നെന്നും, എന്നാൽ ഇന്ന് ഒടിടിയില്ലാതെ ഒരു സിനിമ റിലീസ് ആവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലെ എഐ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
15 വർഷം മുമ്പ് കമൽ സാർ അദ്ദേഹത്തിന്റെ വിശ്വരൂപം എന്ന സിനിമ നേരിട്ട് ടി വി റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ സിനിമയിൽ ഒടിടി റിലീസെന്ന ട്രെൻഡിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ അന്ന് ആ നീക്കം സിനിമാമേഖലയെ ഇല്ലാതാക്കുമെന്ന് ചിലർ വാദിച്ചു. എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതോടെ ആ നീക്കത്തിൽ നിന്ന് കമൽ സാർ പിന്മാറി. ഇന്ന് ഒടിടി റിലീസ് ഡീൽ ക്ലോസ് ചെയ്യാതെ ഒരൊറ്റ വമ്പൻ പടവും റിലീസിനെക്കുറിച്ച് ആലോചിക്കില്ല. സിനിമാ ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ഒടിടി മാറി. കമൽ സാറിന്റെ അന്നത്തെ വിഷൻ മനസിലാക്കാൻ നമുക്ക് ഒരുപാട് സമയം വേണ്ടിവന്നു. കാലത്തിന് അപ്പുറത്തേക്ക് ചിന്തിക്കുന്നയാളാണ് അദ്ദേഹം. എഐയുടെ കാര്യത്തിലും അത് തന്നെയാണ് എന്റെ അഭിപ്രായം. ഇന്ന് എഐ അപകടകരമാണെന്ന് പറയുന്നവർ നാളെ ഇതിനെ സപ്പോർട്ട് ചെയ്ത് രംഗത്തുവരും,’ ലോകേഷ് കനകരാജ് പറഞ്ഞു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമയിലെ എഐ ഉപയോഗത്തെക്കുറിച്ച് പറയുകയാണ് ലോകേഷ് ഇപ്പോൾ. 15 വർഷം മുന്നേ കമൽ ഹാസൻ ഒടിടിയിലൂടെ സിനിമ റിലീസ് ചെയ്യണമെന്ന് പറയുമ്പോൾ അതിനെ പലരും കുറ്റപ്പെടുത്തിയിരുന്നു എന്നാൽ ഇന്ന് ഒടിടിയില്ലാതെ ഒരു സിനിമ റിലീസ് ആവുന്നില്ല. അതുപോലെ ഭാവിയിൽ എഐ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാൻ ആവില്ലെന്ന് ലോകേഷ് പറഞ്ഞു.
അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കൂലി’ ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്.