
മാർക്കോ സിനിമയിലെ ടോണി എന്ന കഥാപാത്രം തന്റെ സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയെന്ന് തുറന്നു പറഞ്ഞ് നടൻ ജഗദീഷ്.
വളരെ കോൺഫിഡന്റായി ആ കഥാപാത്രം തന്നെ ഏൽപ്പിച്ച ഹനീഫ് അദേനിക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. കാട്ടാളൻ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയത് മാർക്കോയിലെ ടോണി എന്ന കഥാപാത്രമാണ്. വളരെ കോൺഫിഡന്റ് ആയി എന്നെ ആ കഥാപാത്രം ഏൽപിച്ചത് ഹനീഫ് അദേനിയാണ് അദ്ദേഹത്തിന് നന്ദി. ഇപ്പോൾ കാട്ടാനിൽ പോൾ എനിക്ക് നല്ലൊരു റോൾ തന്നു. ഞാൻ സോഫ്റ്റാണ് ഇമോഷണലാണ് പക്ഷേ ആവശ്യം വന്നാൽ രണ്ട് അടി കൊടുക്കാനും തയ്യാറാണ്’, ജഗദീഷ് പറഞ്ഞു.
‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാട്ടാളൻ’. ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിനിമയിൽ സംഗീതമൊരുക്കുന്നത് ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് . മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.