
താനൊരിക്കലും സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ലെന്ന് തുറന്നു പറഞ്ഞ് നടൻ മോഹൻലാൽ. അഭിപ്രായ വ്യതാസങ്ങൾ തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യണമെന്നും, സിനിമ തുടങ്ങിക്കഴിഞ്ഞ് വരുന്ന മാറ്റങ്ങളിൽ അവർക്ക് വിശദീകരണം താരം കഴിഞ്ഞില്ലെങ്കിൽ അതുമായി പൊരുത്തപ്പെടണമെന്നും മോഹൻലാൽ പറഞ്ഞു. മൈ ഗവൺമെൻറ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ ഒരു ഡയറക്ടേഴ്സ് ആക്ടർ ആണ്. സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യണം. സിനിമ തുടങ്ങിക്കഴിഞ്ഞാൽ ചില മാറ്റങ്ങൾ വരാം. അപ്പോൾ അതിനെ കുറിച്ച് സംവിധായകനോട് ചോദിക്കാം, ചിലപ്പോൾ അവർക്കതിന് വിശദീകരണം നൽകാൻ കഴിയില്ല. എന്നാലും നമ്മൾ അവരുമായി മുന്നോട്ട് തന്നെ പോകേണ്ടിവരും.” മോഹൻലാൽ പറഞ്ഞു.
‘ദൃശ്യം 3’ ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മഹേഷ് നാരായണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന L366 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ ഈ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.