ആഘോഷങ്ങളുടെ പുനരാരംഭത്തിനായി കാത്തിരിക്കാം ‘ഹൃദയ’ത്തിലെ ഗാനമെത്തുന്നു

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യഗാനം പുറത്തിറങ്ങുന്നതിന്റെ തിയ്യതി പുറത്തുവിട്ടു.

ആഘോഷിക്കപ്പെടേണ്ട കലയാണ് സിനിമ. ഒത്തുകൂടലുകളിലാണ് ആഘോഷങ്ങള്‍ സംഭവിക്കുന്നത്.നമ്മുടെ നാട്ടില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന നാള്‍, Oct 25 -ന് ഞങ്ങളുടെ ‘ഹൃദയ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങും. Our first song video will release on Oct 25th at 6 pm.തിയേറ്ററുകള്‍ തുറക്കട്ടെ. ആഘോഷങ്ങളുടെ പുനരാരംഭത്തിനായി കാത്തിരിക്കാം.എന്നാണ് പ്രണവിന്റെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് വിനീത് കുറിച്ചത്.

‘എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം’ എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം.ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കി.

ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. അതോടൊപ്പം തന്നെ ഹൃദയം സിനിമയിലെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണയും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.