സംഗീതാസ്വാദകര്‍ക്കായി ഓഡിയോ കാസ്സറ്റുകളില്‍ ഗാനങ്ങള്‍ ഒരുക്കാന്‍ ഹൃദയം ടീം. തിങ്ക് മ്യൂസിക്കിനൊപ്പം ഹൃദയം സിനിമയിലെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണയും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവത്തകര്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ടേപ്പ് റെക്കോര്‍ഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്തു പാട്ടു കേള്‍ക്കുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാള്‍ജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തില്‍ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവര്‍. ഇവര്‍ക്കുള്ള ഞങ്ങളുടെ സ്‌നേഹസമ്മാനമാണ്’, വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം.ചിത്രത്തിലെ കഥാപാത്രങ്ങളിടെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കി. കല്ല്യാണി പ്രിയദര്‍ശന്‍ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റില്‍ ജോയിന്‍ ചെയ്തത്.
ചിത്രത്തില്‍ പത്തോളം പാട്ടുകള്‍ ഉണ്ടെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നു.
ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്.