‘തന്മാത്ര’യിൽ കൈയടിച്ചവർ യഷിന്റെ ന്യൂഡ് സീനിൽ കൂവുന്നത് സ്ത്രീവിരുദ്ധത കൊണ്ട്: ഹണി ഭാസ്കരൻ

','

' ); } ?>

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായെത്തിയ ‘ടോക്സിക്’ എന്ന ചിത്രത്തിനെതിരെ നടക്കുന്നത് അർഹിക്കാത്ത ഹേറ്റ് ക്യാമ്പയിനാണെന്ന നിരീക്ഷണവുമായി എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്ത്. സിനിമ കണ്ടവരെക്കാൾ കാണാത്തവരാണ് നെഗറ്റീവ് അവലോകനങ്ങളുമായി രംഗത്തുവരുന്നതെന്നും സംവിധായിക ഒരു സ്ത്രീ ആയതുകൊണ്ടു മാത്രമാണ് ചിത്രം ഇത്രയധികം ആക്രമിക്കപ്പെടുന്നതെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

മലയാളി പ്രേക്ഷകരുടെ ഇരട്ടത്താപ്പിനെ രൂക്ഷമായ ഭാഷയിലാണ് ഹണി വിമർശിക്കുന്നത്. ‘തന്മാത്ര’ എന്ന സിനിമയിൽ മോഹൻലാൽ ന്യൂഡ് ആയി പ്രത്യക്ഷപ്പെട്ടപ്പോൾ കൈയടിച്ച സമൂഹം, ടോക്സിക്കിൽ യഷിന്റെ ബ്ലർ ചെയ്ത ന്യൂഡ് രംഗം കാണുമ്പോൾ കൂവുന്നത് ഗീതു മോഹൻദാസിനോടുള്ള യഥാർത്ഥ സ്ത്രീവിരുദ്ധത കാരണമാണ്. ലൈംഗികതയെയും അരാജകത്വത്തെയും കുറിച്ച് തുറന്നു സംസാരിക്കുന്ന സിനിമകളെ ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല. ഒരു പുരുഷനാണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കിൽ ബോക്സ് ഓഫീസിൽ ഇതിലും വലിയ വിജയം നേടുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ടോക്സിക് ആയ കുട്ടിക്കാലം ഒരു വ്യക്തിയെ എങ്ങനെ മാറ്റുന്നുവെന്നും, താൻ ചുറ്റുമുള്ള മനുഷ്യരിൽ അടിച്ചേൽപ്പിച്ച ടോക്സിസിറ്റി പിന്നീട് സ്വയം പൊള്ളിക്കുന്ന മുറിവുകളായി മാറുന്നതുമാണ് സിനിമയുടെ പ്രമേയം. യഷിന്റെ ഇരട്ട റോളിലെ ഗംഭീര പ്രകടനവും നയൻതാരയുടെ കണ്ണുകൾ കൊണ്ടുള്ള ഷാർപ് അഭിനയവും കിയാര അദ്വാനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ട്രോമയും സിനിമയുടെ വലിയ കരുത്താണ്. വിഷ്വലൈസേഷനിലും സാങ്കേതിക മികവിലും ടോക്സിക് ഒരു മാജിക് തന്നെയാണെന്നും കുറിപ്പിൽ പറയുന്നു.

“എ ഫെയറി ടെയ്‌ൽ ഫോർ ഗ്രോൺ അപ്സ്” എന്ന ക്യാപ്ഷൻ അർത്ഥമാക്കുന്നത് പ്രായപൂർത്തിയായ എല്ലാവരും മാനസികമായി പക്വതയുള്ളവരല്ല എന്ന യാഥാർത്ഥ്യമാണ്. ലൈംഗികതയെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്ന സ്ത്രീകളെ വേഗത്തിൽ വിചാരണ ചെയ്യുന്ന സമൂഹത്തിന്റെ കാപട്യത്തെ ഗീതു മോഹൻദാസ് ധീരമായി തുറന്നുകാട്ടുന്നുണ്ട്. തിയറ്ററിൽ പോയി തന്നെ അനുഭവിക്കേണ്ട മികച്ചൊരു സിനിമാനുഭവമാണ് ടോക്സിക് എന്നും ഹണി ഭാസ്കരൻ കൂട്ടിച്ചേർക്കുന്നു.

ഹണി ഭാസ്കരന്റെ കുറിപ്പിന്റെ പൂർണരൂപം;

“എ ഫെയറി ടെയ്‌ൽ ​ഫോർ ​ഗ്രോൺ അപ്സ്” ടോക്സിക് എന്ന സിനിമ തുടങ്ങുന്നത് ഈ ക്യാപ്ഷനോട് കൂടി ആണ്. സാധാരണ സിനിമ റിവ്യൂസ് എഴുതാറില്ല എങ്കിലും ഈ സിനിമയ്ക്ക് എഴുതിയേ തീരൂ എന്ന് തോന്നിയത്…. ഒരു സിനിമയ്ക്ക് എതിരെ ഇത്രയധികം ഹേറ്റ് ക്യാമ്പയിൻ നടക്കുന്നത് കണ്ടിട്ടും, അതിന്റെ ഡയറക്ടർ ഗീതു മോഹൻദാസ് എന്ന സ്ത്രീ ആയതുകൊണ്ടും അവർ സിനിമകളിലെ സ്ത്രീ വിരുദ്ധതയെ മുൻപ് ചോദ്യം ചെയ്തതിന്റെ പേരിൽ തീവ്രമായി വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതിനാലും തന്നെ തിയറ്ററിൽ പോയി കണ്ട സിനിമയാണ് എനിക്ക് ടോക്സിക്.

സിനിമയുടെ ആദ്യ പകുതി ടോക്സിക് ആയ ഒരു കുട്ടിക്കാലത്തിന്റെ പേരിൽ ടോക്സിക് ആയി മാറിയ ഒരു പുരുഷന്റെ കഥ. അതിൽ ലൈംഗികത ഉണ്ട്‌. അരാജകത്വം ഉണ്ട്‌. സെക്സ് എന്നാൽ സ്ത്രീ വിരുദ്ധം ആണെന്ന് ചിന്തിക്കുന്ന ഭൂരിഭാ​ഗവും ആളുകൾക്ക് ആ ഭാഗം മനസിലാവണം എന്നില്ല.

രണ്ടാം പകുതി ആദ്യ പകുതിയിൽ ചെയ്തു കൂട്ടിയ പാപ ഭാരങ്ങൾ, താൻ ചുറ്റുമുള്ള മനുഷ്യരിൽ അടിച്ചേൽപ്പിച്ച ടോക്സിസിറ്റി, ഇതൊക്കെയും സ്വയം മുറിവായി മാറുന്ന, അതേ പുരുഷന്റെ സ്വയം പീഡനങ്ങളുടെ കഥയാണ്. അയാളാൽ വെന്തു പോയ മനുഷ്യരുടെ കൂടി കഥയാണ്. അത് നമ്മളെ ആഴത്തിൽ പൊള്ളിക്കും. സംഘർഷങ്ങളിലേക്ക് ചുഴറ്റി എറിയും.

അവസാന ഭാഗങ്ങളിൽ യഷ് എന്ന നടന്റെ ഇരട്ട റോളിലേക്കുള്ള പകർന്നാട്ടം വിസ്മയിപ്പിക്കും. എജ്ജാതി എന്ന് തോന്നിപ്പിക്കും വിധം ഗംഭീര അഭിനയം. നയൻ‌താരയുടെ കരിയറിലെ മറ്റൊരു ഷാർപ് പെർഫോമൻസ്. മറ്റെന്തിനേക്കാളും ഗംഗ എന്ന ആ കാരക്റ്റർ റോളിൽ അഭിനയിക്കുന്നത് അവരുടെ കണ്ണുകൾ…!

സിനിമയുടെ കഥാതന്തു മനസിലായവർക്ക് പ്രണയവും അകലവും അതിലേറെ നിസ്സഹായതയും സ്ത്രീയിൽ ഇൻജെക്ട് ചെയ്യുന്ന ട്രോമയുടെ ആഴം സംശയം ഏതുമില്ലാതെ കിയാര എന്ന നടിയിലൂടെ തീവ്രമായി ഉൾക്കൊള്ളാൻ പറ്റുന്ന പ്രകടനം. ഗംഭീര വിഷ്വലൈസഷൻ. ടെക്നിക്കൽ മാജിക്.

സെക്സ് എന്ന വാക്ക് ഒളിച്ചിരുന്ന് പറയേണ്ടതാണ് എന്ന് ചിന്തിക്കുന്ന പൂർണ്ണ വളർച്ച എത്താത്ത ഭ്രൂണങ്ങൾക്ക് ടോക്സിക് ഒരു “പൂശൽ പടം” ആയി പോയാൽ യാതൊരു അത്ഭുതവുമില്ല. കുഞ്ഞിനെ പാലൂട്ടുന്ന സ്ത്രീയുടെ മുല കണ്ടാൽ ബസ്സിൽ ആയാൽ പോലും ഓർഗാസം വരുന്നവർക്ക് ഇതൊക്കെ ധാരാളം. അയ്യേ…എന്ന് തോന്നിപ്പിക്കുന്ന ഒരു സെക്സ് സീനും ഈ പടത്തിൽ ഇല്ല. തിയറ്റർ വിട്ടിറങ്ങുമ്പോൾ അത്തരം ഒരു സീനും ഓർമ്മയിൽ നിൽക്കാനോ പറയാനോ പാകത്തിൽ ഇല്ല. ‘തന്മാത്ര’ മൂവിയിൽ മോഹൻലാൽ ന്യൂഡ് ആയി സെക്സ് സീനിൽ പ്രത്യക്ഷപ്പെടുമ്പോൾ കയ്യടിച്ച മലയാളി പ്രേക്ഷകർക്ക് യഷിനെ അങ്ങനെ അല്ലാത്തൊരു ന്യൂഡ് സീൻ ബ്ലർ ആയി കാണുമ്പോൾ കൂവാൻ തോന്നുന്നത് ഗീതു മോഹൻദാസ് എന്ന ഡയറക്ടറോടുള്ള യഥാർത്ഥ സ്ത്രീവിരുദ്ധരുടെ സിനിമ പോലും കാണാതെ ഉള്ള ഒച്ച വെയ്ക്കൽ കൂടി ആണ്.

ഈ അടുത്ത കാലത്ത് സിനിമ കണ്ടവരെക്കാൾ കൂടുതൽ കാണാത്തവർ നെഗറ്റീവ് റിവ്യൂ എഴുതി നിറച്ച സിനിമയാണ് ടോക്സിക്. പോരായ്മകൾ ഉണ്ട്‌, പക്ഷേ ഇത്രയും ഹേറ്റ് ക്യാമ്പയിൻ ഈ സിനിമ അർഹിക്കുന്നില്ല. ഈ മൂവിയുടെ ഡയറക്റ്റർ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ഇതിലും കളക്ഷൻ ഈ സിനിമ നേടുമായിരുന്നു. ടോക്സിക് എന്ന വാക്ക് പോലും നമ്മുടെ സമൂഹത്തിന് അല്പമെങ്കിലും പരിചിതമാകുന്നത് ഈ അടുത്ത കാലത്താണ്.

അവർക്കിടയിലേക്ക് “ടോക്സിക്” മൂവിയുടെ കഥാതന്തു വേണ്ടും വിധം കണ‍വേ ആവാത്തത് ടോക്സിക് ഒരു ഡയറക്റ്റർ ഫ്ലോപ്പ് മൂവി ആയതു കൊണ്ടല്ല, ക്യാപ്‌ഷനിൽ പ്രേക്ഷകരുടെ മൈൻഡ് സെറ്റ് അറിഞ്ഞു കൊണ്ട് തന്നെ കൃത്യമായി ഗീതു മോഹൻദാസ് അടയാളപ്പെടുത്തിയ “എ ഫെയറി ടെയ്‌ൽ ​ഫോർ ​ഗ്രോൺ അപ്സ്”-ന്റെ അർത്ഥം ഇത്രേള്ളൂ…

പ്രായപൂർത്തിയായ എല്ലാവരും മാനസികമായി പക്വതയുള്ളവരല്ല. പ്രായം കൂടുമ്പോൾ ഒരാൾക്ക് വയസ്സ് കൂടാം, എന്നാൽ പക്വത എന്നത് തികച്ചും വ്യത്യസ്തമായ ഒരു യാത്രയാണ്; സത്യം പറഞ്ഞാൽ, അത് എല്ലാവർക്കും വഴങ്ങുന്ന കാര്യമല്ല. എന്ന് വെച്ചാൽ ഒരു പൊട്ടപ്പടം എടുക്കാൻ തുനിഞ്ഞ് ഇറങ്ങിയ ഒരാളല്ല ഗീതു മോഹൻദാസ്.

അവർ ഒരു മികച്ച സംവിധായികയാണ് – നിർഭയയും, കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നവളും, ഒട്ടും ഒളിച്ചുവെപ്പുകളില്ലാതെ സത്യസന്ധത പുലർത്തുന്നവളും. നമ്മുടെ സമൂഹത്തിന്റെ നാഡിമിടിപ്പ് കൃത്യമായി മനസ്സിലാക്കുന്ന അവർ, ലൈംഗികതയെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട അതിക്രമങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ വേഗത്തിൽ വിധിക്കുകയും അപമാനിക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്ന സംസ്കാരത്തിന്റെ കാപട്യത്തെ തുറന്നുകാട്ടുന്നു.

അങ്ങേയറ്റം ധീരവും സാഹസികവുമായ ഒരു ചുവടുവെപ്പ് നടത്തുകയും, പലരും ഉള്ളിലൊതുക്കി വെക്കാൻ ആഗ്രഹിക്കുന്ന ഒരു കഥ തുറന്നുപറയുകയും ചെയ്തതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ഈ എഴുതിയത് മനസിലായവർക്ക് സിനിമ തിയറ്ററിൽ തന്നെ പോയി കാണാം. ടോക്സിക് നിങ്ങളെ നിരാശപ്പെടുത്തില്ല…! എനിക്ക് ആ സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. അത് വളരെ യാഥാർത്ഥ്യബോധമുള്ളതും പരിചിതവുമായി തോന്നി; പ്രത്യേകിച്ച് ടോക്സിസിറ്റി അവസ്ഥകളെ അത് ചിത്രീകരിച്ച രീതി”.