പ്രമുഖ ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണ. ഓസ്‌ട്രേലിയയില്‍ ചിത്രീകരണം നടത്തുന്ന താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാസ് ലുഹ്മാന്റെ പേരിടാത്ത സിനിമയുടെ പ്രീ പ്രൊഡക്ഷനായി ഹാങ്ക്‌സും ഭാര്യയും ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലായിരുന്നു.
‘കഴിഞ്ഞ ദിവസങ്ങളിലായി ജലദോഷവും ശരീരവേദനയും ഉള്ളതുപോലെയും അല്‍പ്പം ക്ഷീണവും അനുഭവപ്പെട്ടിരുന്നു. റീത്ത ചില ലക്ഷണങ്ങളും കാണിച്ചു. നേരിയ പനിയും കണ്ടെത്തി. ഇതോടെ ലോകത്ത് ഇപ്പോള്‍ പടരുന്ന കൊറോണ സംബന്ധിച്ച പരിശോധന നടത്താല്‍ തീരുമാനിച്ചു. ആ പരിശോധന പോസിറ്റീവ് ആണെന്ന് കണ്ടെത്തി’ എന്നായിരുന്നു ടോം ഹാങ്ക്‌സ് പങ്കുവെച്ച കുറിപ്പിലെ ഉള്ളടക്കം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ആവശ്യമുള്ളിടത്തോളം കാലം തങ്ങള്‍ നിരീക്ഷണത്തിന് വിധേയരാവുകയും ഐസൊലേഷനില്‍ തുടരുകയും ചെയ്യും എന്നും ഹാങ്ക്‌സ് പറഞ്ഞു.
അമേരിക്കന്‍ ഗായകന്‍ ഈവസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കുന്ന വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് ടോം ഹാങ്ക്‌സ്. നേരത്തെ ഈവസ് പ്രിസ്ലീ ലോക്കേഷനില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നും ഇയാളെ മാറ്റിനിര്‍ത്തിയെന്നും വാര്‍ണര്‍ ബ്രദേഴ്‌സ് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു. നടി ഗായിക, പാട്ടെഴുത്തുകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ് റീത്ത വില്‍സണ്‍.