പ്രശസ്ത ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. വെള്ളിയാഴ്ച റോയല്‍ മാസ്‌ഡെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രിട്ടണിലെ പ്രമുഖ നടനായിരുന്ന ഫിന്നി 2011 മുതല്‍ വൃക്കയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അറുപതോളം സിനിമകളില്‍ വേഷമിട്ടു.

ഷേക്‌സ്പീരിയന്‍ നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് വന്നത്. 1960ല്‍ ‘ദ എന്റര്‍ടെയ്‌നര്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അന്നേ വര്‍ഷം പുറത്തിറങ്ങിയ ‘സാറ്റര്‍ഡെ നൈറ്റ് ആന്റ് സണ്‍ഡേ മോര്‍ണിംഗ്’ എന്ന ചിത്രം ആല്‍ബര്‍ട്ടിനെ പ്രശസ്തനാക്കി.

മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്, ദി ഡ്രസര്‍, എറിന് ബ്രകോവിച്ച്, ജയിംസ് ബോണ്ട് പരമ്പരയിലെ സ്‌കൈ ഫാള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാനപ്പെട്ട സിനിമകള്‍. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, പോപ് ജോണ്‍ പോള്‍ തുടങ്ങിയവരായി ആല്‍ബര്‍ട്ട് ഫിന്നി വേഷമിട്ടിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാരം എന്നി കരസ്ഥമാക്കി. നാല് തവണ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.