കാലപരിധി അവസാനിച്ചു; സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി

','

' ); } ?>

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സി. പ്രതീപ് കുമാറിൻ്റെ ബെഞ്ചാണ് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതി റദ്ദാക്കിയത്. പരമാവധി രണ്ടുവർഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളിൽ സംഭവം നടന്ന് മൂന്നുവർഷത്തിനകം പരാതി നൽകണമെന്നും, എന്നാൽ 2009-ൽ നടന്നുവെന്ന് പറഞ്ഞ സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് കേസെടുത്തിരിക്കുന്നതെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ഈ കാരണത്താലാണ് കേസ് റദ്ദാക്കിയത്.

നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും 2009 ൽ നടന്ന സംഭവത്തിന് നടി 2024 ഓ​ഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ നടി പരാതി നൽകിയിരുന്നത്. കൊച്ചിയിലെ ഫ്ളാറ്റിലേക്ക് സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ നടിയെ സ്‌പർശിച്ചുവെന്നായിരുന്നു രഞ്ജിത്തിനെതിരായ കേസ്. പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ഓഡിഷനായാണ് നടിയെ വിളിച്ചുവരുത്തിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നത്. നടിയെ പിന്തുണച്ച് സംവിധായകൻ ജോഷിയും രംഗത്തെത്തിയിരുന്നു. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കാൻ രഞ്ജിത്ത് നിർബന്ധിതനായിരുന്നു.